Headlines

വിദ്യാഭ്യാസ മന്ത്രി രാജിവെക്കില്ല; ധർമേന്ദ്ര പ്രധാനൊപ്പം ഉറച്ച് നിൽക്കാൻ ബിജെപി തീരുമാനം

 

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ല. നിലപാടിൽ ഉറച്ച് നിൽക്കാനുള്ള തീരുമാനവുമായി സർക്കാരും ബിജെപിയും. ധർമേന്ദ്ര പ്രധാനൊപ്പം ഉറച്ച് നിൽക്കാനും സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നുമാണ് ബിജെപിയുടെ തീരുമാനം. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗും ജെ പി നദ്ദയുമായി നടത്തിയ ചർച്ചയിലും ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം ഒഴിച്ചുള്ള സിജെപി നേതാക്കളുടെ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യത്തിൽ തീരുമാനം എടുക്കാൻ നാളെ ഉച്ചവരെ കേന്ദ്ര സർക്കാർ സാവകാശം തേടിയിരുന്നു.

 

നേരത്തെ കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളും കേന്ദ്രമന്ത്രിമാരുമായുളള ചർച്ച പരാജയപ്പെട്ടിരുന്നു. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും സിജെപിയുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. സൗരവ് ദാസും അശുതോഷ് റാങ്കെയുമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിനിധികളായി പങ്കെടുത്തത്. ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്നും സിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതില്‍ രണ്ട് ആവശ്യങ്ങളില്‍ കേന്ദ്രത്തിന് പോസിറ്റീവ് നിലപാടാണെന്ന് സിജെപി പിന്നീട് വ്യക്തമാക്കിയിരുന്നു. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ നിലപാട് പറയാന്‍ കേന്ദ്രം നാളെ ഉച്ചയ്ക്ക് രണ്ടര വരെ സമയം തേടിയിട്ടുണ്ടെന്നായിരുന്നു സിജെപിയുടെ പ്രതികരണം. രാജിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും സിജെപി വ്യക്തമാക്കിയിരുന്നു.നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ധർമേന്ദ്ര പ്രധാന് കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജ്യത്തിന്റെ വ്യദ്യാഭ്യാസ മേഖലയെ തകർത്തെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു. ധർമേന്ദ്ര പ്രധാൻ ക്രിമിനൽ വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവും രാഹുൽ ഗാന്ധി ഉന്നയിച്ചിട്ടുണ്ട്. ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ പൊലീസ് ക്രൂരതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും സഭയിൽ സംസാരിക്കാൻ തന്നെ അനുവദിച്ചില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ‘വിദ്യാർത്ഥികൾക്ക് മൂന്ന് ആവശ്യങ്ങളുണ്ട്. അഴിമതിക്കാരനായ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണം, വിദ്യാർത്ഥികളെ തല്ലിയവർ നടപടി നേരിടണം, പ്രധാനമന്ത്രി വിദ്യാർത്ഥികളോട് ക്ഷമ ചോദിക്കണം. ഇതാണ് പ്രധാന മൂന്ന് വ്യവസ്ഥകളെന്നുമായിരുന്നു’ രാഹുൽ ഗാന്ധിയുടെ പ്രതികരണം. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ ഞങ്ങൾ ഒരു സംഭാഷണമോ ചർച്ചയോ നടത്താൻ പോകുന്നില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.