കോക്രോച്ച് ജനതാ പാർട്ടി രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. പരീക്ഷാർഥികളുടെ മനസ്സിൽ ഭയം വിതയ്ക്കാൻ ശ്രമിക്കുന്നെന്നും ധർമേന്ദ്ര പ്രധാൻ ആരോപിച്ചു. ലോക്സഭാ നേതാവ് രാഹുൽ ഗാന്ധി കുട്ടികളുടെ ഭാവി വച്ച് രാഷ്ട്രീയം കളിക്കുന്നെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കോൺഗ്രസിന്റെ റാലി കാരണം കർണാടകയിൽ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ സാധിച്ചില്ല എന്നും കേന്ദ്രമന്ത്രി.
രാഹുൽ വിദ്യാർഥികളുടെ മനസിൽ ഭയം വിതയ്ക്കുന്നു എന്ന് ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിൽ ഏത് വിദ്യാർത്ഥിയാണ് ഉള്ളതെന്ന് ധർമേന്ദ്ര പ്രധാൻ ചോദിച്ചു. വിദ്യാർഥികളുടെ പേരിൽ ചിലർ സംഘടിച്ച് മുദ്രാവാക്യങ്ങൾ ഉയർത്തുന്നു. പ്രതിഷേധിക്കാൻ ആർക്കും അധികാരമുണ്ട്. പരീക്ഷാർഥികൾ ആരും അവരുടെ വാക്ക് കേൾക്കുന്നില്ല. വിദ്യാർത്ഥികൾ പഠിക്കുന്നതിന്റെയും പരീക്ഷ എഴുതുന്നതിന്റെയും തിരക്കിലാണെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേട് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച് ജനത പാർട്ടിയുടെ പ്രതിഷേധം നാലാം ദിവസത്തിലേക്ക് കടന്നു. UPSC – SSC ഉദ്യോഗാർത്ഥികളോടും ജന്തർ മന്തറിലെത്താൻ അഭിജിത്ത് ദീപ് കെ ആഹ്വാനം ചെയ്തു.









