ന്യൂഡൽഹി∙ ഭാവിയിൽ യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്–എംഡിആർ) ഈടാക്കാൻ വഴിതുറക്കുന്ന ഭേദഗതിയടങ്ങിയ ബിൽ കേന്ദ്രം ലോക്സഭയിൽ അവതരിപ്പിച്ചു.
പണമിടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ബാങ്ക് അല്ലെങ്കിൽ പേയ്മെന്റ് സേവനദാതാവ് ഈടാക്കുന്നതാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ). ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ പരിപാലിക്കുന്നതിനാണ് ഈ തുക. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് എംഡിആർ ഉണ്ടെങ്കിലും, ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ജനുവരി മുതൽ യുപിഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡുകൾക്കും എംഡിആർ ഈടാക്കുന്നില്ല. ഇക്കാരണത്താൽ യുപിഐ ഇടപാട് സ്വീകരിക്കുന്നതിന് വ്യാപാരികൾ അധികചാർജ് നൽകേണ്ടതില്ല. എംഡിആർ വന്നാൽ ഈ ബാധ്യത ക്രമേണ ഉപയോക്താക്കളിലേക്കുമെത്താം.യുപിഐ വ്യാപകമായ പശ്ചാത്തലത്തിൽ പണമിടപാട് സംവിധാനം പരിപാലിക്കാനും വരുമാനമുണ്ടാക്കാനുമായി ഉയർന്ന തുകയുടെ ഇടപാടുകൾ എംഡിആർ ചുമത്തണമെന്ന് വിവിധ യുപിഐ കമ്പനികളും ബാങ്കുകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇതുവരെയും ഇതിൽ തീരുമാനമെടുത്തിരുന്നില്ല.
നിലവിലെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിൽ യുപിഐ, റുപേയ് ഡെബിറ്റ് കാർഡ് എന്നിവയ്ക്ക് എംഡിആർ ചുമത്താനാവില്ല. ഇപ്പോൾ കൊണ്ടുവന്ന ഭേദഗതിയിലൂടെ, സർക്കാരിന് വെറുമൊരു വിജ്ഞാപനത്തിലൂടെ ഏതൊക്കെ പേയ്മെന്റുകൾക്ക് എംഡിആർ ബാധകമാകില്ലെന്ന് തീരുമാനിക്കാം. ഫലത്തിൽ, ഭാവിയിൽ എംഡിആർ ചുമത്തണമെങ്കിൽ മറ്റൊരു നിയമഭേദഗതി വേണ്ടെന്നു ചുരുക്കം.ഉയർന്ന തുകയുടെ യുപിഐ ഇടപാടുകൾക്ക് എംഡിആർ ഭാവിയിൽ ചുമത്താനുള്ള വഴിതുറക്കലാണ് ഇപ്പോഴത്തെ ഭേദഗതിയെന്നാണ് വിലയിരുത്തൽ. അതേസമയം, വ്യക്തികൾ തമ്മിൽ അയയ്ക്കുന്ന യുപിഐ ഇടപാടുകൾക്ക് എംഡിആർ ബാധകമേയല്ല.
ഇനിയെന്ത്?
നിയമഭേദഗതി പാസായാലും അതിനർഥം യുപിഐക്ക് ഉടൻ ചാർജ് വരുന്നുവെന്നല്ല. ഭാവിയിൽ സർക്കാരിന് അത്തരമൊരു തീരുമാനമെടുക്കാൻ ഈ ഭേദഗതി കൂടുതൽ എളുപ്പമാക്കുന്നുവെന്നതാണ് പ്രസക്തി. ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് സാധാരണയായി 1.5 ശതമാനവും ഡെബിറ്റ് കാർഡുകൾക്ക് 0.9% വരെയുമാണ് നിലവിൽ എംഡിആർ ഈടാക്കുന്നത്. യുപിഐ സംബന്ധിച്ച് രണ്ടു സാധ്യതകളാണ് സർക്കാർ പ്രധാനമായും പരിഗണിക്കുന്നത്. ഒന്നുകിൽ, നിശ്ചിത തുകയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് എംഡിആർ ചുമത്തുക.അല്ലെങ്കിൽ, വ്യാപാരിയുടെ വാർഷിക വിറ്റുവരവ് അടിസ്ഥാനമാക്കി ഫീസ് ഏർപ്പെടുത്തുക. 1.5 കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളിൽനിന്ന് 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.3% മുതൽ 0.5% വരെ എംഡിആർ ചുമത്താനുള്ള നിർദേശം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും സൂചനയുണ്ട്. എംഡിആർ നടപ്പായാൽ അതിന്റെയൊരു പങ്ക് ഇടപാടിൽ ഉൾപ്പെട്ട ബാങ്കുകൾക്കും പേയ്മെന്റ് സേവനദാതാവിനും ലഭിക്കും. വ്യാപാരി ഈ ബാധ്യത ഉപയോക്താവിലേക്ക് കൈമാറിയാൽ സാധാരണക്കാരുടെ ഡിജിറ്റൽ പണമിടപാടിന് ചെലവേറാം.








