Headlines

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സ നിഷേധിച്ചതിനാല്‍ യുവതിക്ക് അണുബാധ; ഡോക്ടറോട് വിശദീകരണം തേടി ഡിഎംഒ

 

തിരുവനന്തപുരം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സ നിഷേധിച്ചെന്ന ആരോപണത്തില്‍ ഇടപെട്ട് ഡിഎംഒ. ആരോപണ വിധേയയായ ഡോക്ടര്‍ രേണുകയോട് ഡിഎംഒ വിശദീകരണം ആവശ്യപ്പെട്ടു.വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന ശിശുക്ഷേമ വകുപ്പ് നെയ്യാറ്റിന്‍കര ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി.അതേസമയം അണുബാധയെ തുടര്‍ന്ന് എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പരാതിക്കാരി സജിതയെ ഡിസ്ചാര്‍ജ് ചെയ്തു.രണ്ടാഴ്ച കഴിഞ്ഞുള്ള സ്‌കാനിങ്ങിനു ശേഷം ആയിരിക്കും ശസ്ത്രക്രിയ വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. (dmo seeks explanation from doctor neyyattinkara hospital medical negligence)ഇന്നലെയാണ് പ്രസവ ശസ്ത്രക്രിയക്കുശേഷം ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അണുബാധയുണ്ടായ സരിതയുടെ ദുരിതാവസ്ഥ ട്വന്റിഫോര്‍ പുറത്ത് വിട്ടത്. കൂടുതല്‍ നടപടികള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സജിത പരാതി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ആറിനാണ് സജിതയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ഇതിനൊപ്പം പ്രസവം നിര്‍ത്തുന്ന പ്രൊസീജിയറും ചെയ്തിരുന്നു. ഇതിന് പിന്നാലെ സരിതയ്ക്ക് കടുത്ത പനിയും വയറുവേദനയും അനുഭവപ്പെട്ടു. വേദനയെക്കുറിച്ച് ഡിസ്ചാര്‍ജിന് മുമ്പ് തന്നെ ഡോക്ടര്‍ രേണുകയോട് പറഞ്ഞെന്ന് യുവതി പറയുന്നു. എന്നാല്‍ മതിയായ ചികിത്സയോ പരിശോധനയോ നടത്തിയില്ലെന്നും പകരം തന്നെ അസ്വസ്ഥപ്പെടുത്തുന്ന വിധത്തില്‍ സംസാരിക്കുകയാണ് ചെയ്തതെന്നുമാണ് യുവതിയുടെ പരാതി.സഹിക്കാന്‍ വയ്യാത്ത വേദനയാണ് താന്‍ അനുഭവിച്ചതെന്നും വെള്ളം കുടിക്കാത്തതിനാലാണ് പഴുപ്പെന്ന് പറയുക മാത്രമാണ് ഡോക്ടര്‍ ചെയ്തതെന്നുമാണ് യുവതിയുടെ ആരോപണം. പിന്നീട് സ്‌കാനിങിലാണ് ഇന്‍ഫെക്ഷന്‍ കണ്ടെത്തിയതെന്നും കുടുംബം ആരോപിച്ചു. തന്റെ മകള്‍ അനുഭവിക്കുന്നത് ദുരിത ജീവിതമെന്ന് സജിതയുടെ മാതാവ്.