ഷിഗെല്ല: ആശങ്കപ്പെടേണ്ട; സൂപ്പർ ക്ലോറിനേഷൻ കൊണ്ട് നിയന്ത്രിക്കാൻ കഴിയുമെന്ന് ഡിഎംഒ

കാേഴിക്കോട് ജില്ലയിൽ കാണപ്പെട്ട ഷിഗെല്ല രോഗം, വ്യാപനത്തിന്റെ ഘട്ടമെത്തിയിട്ടില്ലെന്ന് ഡിഎംഒ ഡോ. വി ജയശ്രീ. ഫറോക്ക് കല്ലമ്പാറ കഷായപ്പടിയിൽ കഴിഞ്ഞ ദിവസം കാണപ്പെട്ട ഷിഗല്ല രോഗാണുവിന് നേരത്തെ കാണപ്പെട്ട കോട്ടംപറമ്പിലേതുമായി ബന്ധമില്ലെന്ന് ജയശ്രീ അറിയിച്ചു. രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്ക വേണ്ട. അഞ്ച് സാമ്പിൾ പരിശോധിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണത്തിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു.

ഷിഗെല്ലോസിസ് എന്ന ബാക്ടീരിയ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് പ്രധാനമായും കാണുന്നത്. പെട്ടെന്ന് വഷളാവുമെന്നതാണ് പ്രത്യേകത. നിലവിൽ ജില്ലയിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് പേരിൽ രോഗ ലക്ഷണമുണ്ടെന്നും ഡിഎംഒ ചൂണ്ടിക്കാട്ടി. എന്നാൽ, സൂപ്പർ ക്ലോറിനേഷൻ കൊണ്ട് നിയന്ത്രിക്കാവുന്നതാണ് രോഗം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ അറിയിച്ചു. ഫറോക്ക് നഗരസഭയിലെ ഇരുപത്തിരണ്ടാം ഡിവിഷൻ കല്ലമ്പാറയിലെ കഷായപ്പടി മേഖലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. ഒന്നര വയസ്സുകാരനായിരുന്നു ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചത്.

കടുത്ത വയറുവേദനയെത്തുടർന്ന് കുട്ടിയെ മൂന്നു ദിവസം മുമ്പ് ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.

ഫറോക്ക് താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗം രോഗം സ്ഥിരീകരിച്ച വീടുൾപ്പെടെ നൂറ്റിപ്പത്ത് വീടുകളിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണമെന്നും പ്രാഥമിക കൃത്യം നിർവഹിച്ച ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണമെന്നും രോഗലക്ഷണമുള്ളവർ ഉടൻ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.