സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊവിഡ് ബാധ; വയനാട് ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 9 പേർ കണ്ണൂരും 3 പേർ കാസർകോടും 3 പേർ മലപ്പുറത്തുമാണ്. ഇടുക്കി, വയനാട് ജില്ലകളിൽ ഓരോരുത്തർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വയനാട് ജില്ലയിൽ ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 138 ആയി. 126 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കൊച്ചിയിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ ഇന്ന് ആശുപത്രി വിട്ടു. ഇറ്റലിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും രണ്ട് ബ്രിട്ടീഷുകാരുമാണ് ആശുപത്രി വിട്ടത്.

1,20,003 പേരാണ് സംസ്ഥാനത്താകെ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 601 പേർ ആശുപത്രിയിലും ബാക്കിയുള്ളവർ വീടുകളിലും നിരീക്ഷണത്തിൽ തുടരുകയാണ്. ഇന്ന് പരിശോധന നടത്തിയതിൽ 908 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.