ആലപ്പുഴ തുറവൂർ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പൊലീസ്. രാധയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ലെന്ന് റിപ്പോർട്ടിൽ പരാമർശം. കസ്റ്റഡിയിലുള്ള മകൻ ഗിരീഷിനെ വിട്ടയയ്ക്കും. മരിച്ച നിലയിൽ കണ്ട രാധയെ മകൻ ഗിരീഷ് ആരുമറിയാതെ അടുക്കളയിൽ കുഴിച്ചിട്ടത് സംശയമുണ്ടാക്കിയിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെയാണ് 75 വയസുകാരി രാധ മരിച്ചത്. വൈകുന്നേരം മകൻ തന്നെ അയൽവാസികളോട് മരണവിവരം പറഞ്ഞു. അടുക്കളയിൽ കുഴി എടുത്ത് താൻ തന്നെ മൃതദേഹം സംസ്കരിച്ചു എന്ന് കൂടി ഗിരീഷ് പറഞ്ഞതോടെ നാട്ടുകാർ ഞെട്ടി. തുടർന്ന് പൊലീസ് എത്തി വീട് ബന്ദവസിലാക്കി ഗിരീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നലെ രാവിലെ മണ്ണ് നീക്കിയപ്പോൾ മൃതദേഹം ഇരുത്തി കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായ ഗിരീഷിനൊപ്പം അമ്മ ഒറ്റക്കാണ് താമസം. സ്വഭാവദൂഷ്യം കാരണം ഭാര്യയും മക്കളും ഗിരീഷിനെ ഉപേക്ഷിച്ചു പോയിരുന്നു.
ആലപ്പുഴയിൽ മകൻ അമ്മയുടെ മൃതദേഹം സംസ്കരിച്ച സംഭവം; രാധയുടേത് കൊലപാതകമല്ല, സ്വാഭാവിക മരണം, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്







