Headlines

പോസ്റ്റ്‍മോര്‍ട്ടം ചെയ്യാൻ മറന്നു, വീട്ടിൽ എത്തിച്ച മൃതദേഹം തിരിച്ചുകൊണ്ടുപോയി പോസ്റ്റ്മോര്‍ട്ടം നടത്തി, സംഭവം പാലക്കാട് ജില്ലാ ആശുപത്രിയിൽ

പാലക്കാട്: ആശുപത്രി അധികൃതര്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ മറന്നതോടെ വീട്ടിലെത്തിച്ച മൃതദേഹം തിരിച്ചുകൊണ്ടുപോയി പോസ്റ്റ്‍മോര്‍ട്ടം നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അസാധാരണമായ സംഭവം നടന്നത്. വിഷം കഴിച്ച് മരിച്ച പാലക്കാട് മുണ്ടൂർ സ്വദേശി സദാശിവന്‍റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. ഇന്നലെ വീട്ടിൽ? പൊതുദർശനം നടക്കുന്നതിനിടെ ആശുപത്രി ജീവനക്കാർ പൊലീസുമായി എത്തി മൃതദേഹം തിരികെവാങ്ങി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ജില്ലാ ആശുപത്രി ജീവനക്കാരുടെ വീഴ്ച്ചയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പാലക്കാട് ഡിഎംഒ അറിയിച്ചു.

സെപ്റ്റംബര്‍ 25ന് വിഷം കഴിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ സദാശിവനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഐസിയുവിൽ ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ചികിത്സക്കിടെ ഇന്നലെയാണ് മരണം സംഭവിക്കുന്നത്. തുടര്‍ന്ന് വിഷം കഴിച്ച് മരിച്ചതിനാൽ പോസ്റ്റ്‍മോര്‍ട്ടം ഉണ്ടാകുമെന്ന് ബന്ധുക്കളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആളായതിനാൽ സാധാരണ രീതിയിൽ നടപടി പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി അധികൃതര്‍ വിട്ടുകൊടുക്കുകയായിരുന്നു.