Headlines

‘വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള ഊർജം പകരട്ടെ’; റിപ്പബ്ലിക് ദിനാശംസ നേർന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായിട്ടാണ് റിപ്പബ്ലിക് ദിനം ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകൾ നേർന്നു. മഹത്തായ ദേശീയോത്സവം ജനങ്ങളുടെ ജീവിതത്തിൽ പുതിയ ഊർജ്ജവും ആവേശവും കൊണ്ടുവരണമെന്നും വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രം വളർച്ചയുടെയും വികസനത്തിന്റെയും പാതയിൽ മുന്നേറുമ്പോൾ ഐക്യത്തിന്റെയും പുരോഗതിയുടെയും ചൈതന്യം പൗരന്മാരെ തുടർന്നും നയിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.ഇന്ന് 77 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് രാജ്യം. ഡൽഹി കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് രാഷ്‌ട്രപതി ദ്രൗപതി മുർമു നേതൃത്വം നൽകും. രാഷ്ട്രപതി പതാക ഉയർത്തിയ ശേഷം രാവിലെ 9. 30 ന് പ്രൗ ഡ ഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കും. യൂറോപ്യൻ യൂണിയൻ നേതാക്കളാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നത്.

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം, സൈനിക ശക്തി, സാങ്കേതിക പുരോഗതി എന്നിവ പ്രദർശിപ്പിക്കുന്നതാണ് റിപ്പബ്ലിക് ദിന പരേഡ്. ദേശീയ ഗീതം ‘വന്ദേമാതരം’ 150 വർഷം പൂർത്തിയാക്കുന്നതിന്റെ ചരിത്ര നിമിഷത്തിനും ഈ വർഷത്തെ റിപ്പബ്ലിക് ദിനം സാക്ഷ്യം വഹിക്കും. 29 ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ അണിനിരക്കുന്ന വ്യോമ പ്രദർശനത്തോടെയാണ് ആഘോഷങ്ങൾ സമാപിക്കുക.

പാക് ഭീകര വാദികൾക്ക് എതിരായ ഓപ്പറേഷൻ സിന്ദൂറിൽപങ്കെടുത്ത യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ശക്തി പ്രദർശിപ്പിക്കാൻ ആകാശത്ത് പറക്കും.രണ്ട് റാഫേൽ ജെറ്റുകൾ, രണ്ട് സുഖോയ് -30 വിമാനങ്ങൾ, രണ്ട് മിഗ്-29 യുദ്ധവിമാനങ്ങൾ, ഒരു ജാഗ്വാർ യുദ്ധവിമാനം എന്നിവ ഉൾപ്പെടെ 29 വിമാനങ്ങൾ ഫ്ലൈ പാസ്റ്റിൽ പങ്കെടുക്കും. 2,500 സാംസ്കാരിക കലാകാരന്മാർ പരേഡിൽ അണി നിരക്കും. കൊച്ചി വാട്ടർ മെട്രോയും, നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതയും അടങ്ങുന്ന ‘ആത്മനിർഭർ കേരള ഫോർ ആത്മ നിർഭർ ഭാരത്’എന്ന വിഷയത്തിലൂന്നിയ അതിന്റെ നിശ്ചലദൃശ്യവും ഇത്തവണ റിപ്പബ്ലിക് പരേഡിന്റെ ഭാഗമാകും.