Headlines

വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരായ ചികിത്സ നിഷേധ പരാതി; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരായ ചികിത്സ നിഷേധ പരാതിയിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ബിജെപിയും കോൺഗ്രസും ഇന്ന് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും. ബിസ്മീറിന് ആശുപത്രി പ്രാഥമിക ചികിത്സ നൽകിയല്ലെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ബിസ്മീറിന്റെ കുടുംബം. വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലും കുടുംബം ആശുപത്രിയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്.അതേസമയം കൃത്യമായ ചികിത്സ നൽകിയെന്നും വീഴ്ച ഉണ്ടായിട്ടില്ല എന്നുമാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തിൽ വിളപ്പിൽശാല സർക്കാർ ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് . ആരോഗ്യ വകുപ്പ് ഡയറക്ടറാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ജില്ല മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയത്. അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഈമാസം 19ന് പുലർച്ചയാണ് ശ്വാസ തടസ്സത്തെ തുടർന്ന് ബിസ്മീറിനെ വിളപ്പിൽശാലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നത്. ശേഷം ഓക്സിജൻ, സി പി ആർ നെബുലൈസേഷൻ എന്നിവ നൽകാൻ തയ്യാറായില്ലെന്നാണ് കുടുംബം ഇപ്പോഴും ആവർത്തിക്കുന്നത്. പ്രാഥമിക ചികിത്സ പോലും നൽകാൻ അധികൃതർ തയാറായില്ലെന്നും കുടുംബം ആരോപിച്ചു.