Headlines

കെ ജെ ഷൈനെതിരായ സൈബർ ആക്രമണം; യാസർ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

സിപിഐഎം നേതാവ് കെ. ജെ. ഷൈനെതിരായ സൈബർ അധിക്ഷേപ പരാതിയിൽ കൊണ്ടോട്ടി അബു എന്ന യാസർ എടപ്പാളിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ അന്വേഷണസംഘം. മൂന്നാം പ്രതിയായ യാസറിനോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയില്ല. ഇന്ന് തന്നെ വിമാനത്താവളങ്ങളിലേക്കുള്ള ലുക്ക് ഔട്ട് സർക്കുലറിനുള്ള നടപടികൾ തുടങ്ങും. ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് ഇന്നോ നാളെയോ സമർപ്പിക്കും. പിടിച്ചെടുത്ത ഫോണുകളും മെമ്മറി കാർഡും കോടതിയിൽ ഹാജരാക്കിയ ശേഷം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടത്തെക്കുറിച്ച് മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചാലുടൻ കൂടുതൽ പേരെ പ്രതി ചേർക്കുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കും.

ഇന്നലെ കെ എം ഷാജഹാൻ ആലുവ സൈബർ സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. യൂട്യൂബ് ചാനലിലേക്കുള്ള വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച മെമ്മറി കാർഡ് അടക്കം ഷാജഹാൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി. അന്വേഷണസംഘത്തിന് മുന്നിൽ ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്ന് കെഎം ഷാജഹാൻ പറഞ്ഞു. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കാനും തയ്യാറായില്ല.എന്നാൽ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ഷാജഹാനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ എത്തി. അധിക്ഷേപ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ഷാജഹാൻ കയറിയ ഓട്ടോറിക്ഷ തടയുകയും ചെയ്തു.