സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണത്തിൽ രണ്ടാം പ്രതി കെ എം ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി. ആലുവയിലെ സൈബർ സ്റ്റേഷനിലാണ് ഒരു മണിയോടെ ഷാജഹാൻ ഹാജരായത്. വീഡിയോ എഡിറ്റ് ചെയ്ത മെമ്മറി കാർഡ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി.പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഒരു കത്തും ഷാജഹാൻ നൽകി. ഇന്ന് ചോദ്യം ചെയ്ത വിട്ടയക്കാനല്ല നടപടികളിലേക്ക് കടക്കുമെന്നാണ് മുനമ്പം ഡിവൈഎസ്പി അറിയിച്ചിരിക്കുന്നത്.
പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ കെഎം ഷാജഹാൻ അവഹേളിച്ചുവെന്നും അത് സൈബര്‍ ആക്രമണത്തിന് കാരണമായെന്നുമാണ് കെജെ ഷൈനിന്‍റെ പരാതി. കെഎം ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തുകയും ഐഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ അപകീർത്തി പരാമർശത്തിൽ, കെ എം ഷാജഹാനെതിരെ പോസ്റ്ററും ഫ്ലക്സ് ബോർഡുകളും ഉയർന്നു. തിരുവനന്തപുരത്തുള്ള ഷാജഹാന്റെ വീടിന് സമീപമാണ് ചെറുവക്കൽ ജനകീയ സമിതിയുടെ പേരിലുള്ള പോസ്റ്ററുകൾ ഉയർന്നത്.
കഴിഞ്ഞ ദിവസം ഒന്നാംപ്രതി ഗോപാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം ഫോൺ പിടിച്ചെടുത്തിരുന്നു. തുടർന്നാണ് ഇന്ന് 10 മണിക്ക് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണ സംഘം നോട്ടീസ് നൽകിയത്. ഫോണിൽ നിന്നും ശേഖരിച്ച തെളിവുകളുടെ എല്ലാം അടിസ്ഥാനത്തിൽ വിശദമായി ചോദ്യംചെയ്ത് അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഗോപാലകൃഷ്ണൻ കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിൽ നൽകിയിരിക്കുന്നതിനാൽ ഇന്ന് ചോദ്യം ചെയ്യലിന് ഗോപാലകൃഷ്ണൻ ഹാജരായില്ല.