സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ നടപടികൾക്ക് സാധ്യത. വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണികൃഷ്ണന്റെ മൊഴിയെടുത്തേക്കും. എംഎൽഎയുടെ സമയവും സൗകര്യവും അനുസരിച്ചാകും മൊഴി രേഖപ്പെടുത്തുകയെന്ന് പൊലീസ് അറിയിച്ചു.
കെ എം ഷാജഹാൻ, കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ ഉൾപ്പെടെ സാമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം നടക്കുകയാണ്. പ്രതിപക്ഷ നേതാവും വടക്കൻ പറവൂർ എംഎൽഎയുമായ വിഡി സതീശന്റെ അറിവില്ലാതെ ഇത്തരം പ്രചരണങ്ങൾ നടക്കില്ലെന്ന രാഷ്ട്രീയ ആരോപണം നിലനിൽക്കെ കെ ജെ ഷൈൻ ഇന്നലെ പ്രതിപക്ഷ നേതാവിനൊപ്പം വേദി പങ്കിട്ടു.
പൊലീസ് സംവിധാനം ഉണർന്നു പ്രവർത്തിച്ചുവെന്ന് കെ ജെ ഷൈൻ പറഞ്ഞിരുന്നു. കിട്ടിയ എല്ലാ തെളിവുകളും അന്വേഷണസംഘത്തിന് കൈമാറി. കോൺഗ്രസ് സംസ്കാരം നിലനിർത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഉയർന്ന ആശയ ചിന്താഗതികൾ ഉള്ളവരായി പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. നെഹ്‌റുവിന്റെ മകൾക്ക് അയച്ച കത്തിൽ സംസ്കാരം എന്തെന്ന് പറയുന്നുണ്ട്. അത് എല്ലാവരും വായിക്കണം. സ്ത്രീ പുരുഷ ലൈംഗികത നടുറോഡിൽ വലിച്ചിഴയ്ക്കപ്പെടേണ്ടതല്ലെന്നും കെ ജെ ഷൈൻ പറഞ്ഞിരുന്നു. പൊലീസ് അന്വേഷണത്തിൽ എല്ലാം പുറത്തു വരുമെന്ന നിലപാടിലാണ് കെ ജെ ഷൈൻ. കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ കുടുംബത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തെയും കെ ജെ ഷൈൻ തള്ളി.