Headlines

ഓപ്പറേഷൻ നംഖോർ, ഭൂട്ടാൻ കാർ അടിമാലിയിലും; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുടെ കാർ കസ്റ്റംസ് പരിശോധിക്കുന്നു

ഓപ്പറേഷന്‍ നംഖോറില്‍ ഇടുക്കിയിലെ പരിശോധനയില്‍ തിരുവനന്തപുരം സ്വദേശിയുടെ കാർ കസ്റ്റംസ് പരിശോധിക്കുന്നു. കാർ മോഡിഫൈക്കേഷൻ ചെയ്യാൻ എത്തിച്ചത് 2025ൽ. തിരുവനന്തപുരം സ്വദേശിനി ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ചിപ്പു എൽസി ഗേൾ എന്ന ശിൽപ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് ക്രൂയിസർ കാറാണ് നിലവിൽ കസ്റ്റംസ് പരിശോധിക്കുന്നത്. ശില്പ കാർ വാങ്ങിയത് കർണക്കടത്തിൽ നിന്നുള്ള ഡീലർ വഴിയാണ്. കർണാടക ഡീലർക്ക് കോയമ്പത്തൂരിൽ നിന്നും ലഭിച്ച കാർ ആണെന്നുമാണ് വിവരം.

വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് അടിമാലിയില്‍ കാര്‍ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ് കാര്‍ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. രാജ്യത്താകമാനം ആയിരത്തിലേറെ വാഹനങ്ങള്‍ കള്ളക്കടത്തിലൂടെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. അതില്‍ ഇരുന്നൂറോളം വാഹനങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. 36 കാറുകള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി വിവരങ്ങള്‍ തേടി. അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കാന്‍ പല പ്രമുഖരും വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നാണ് സംശയം. കസ്റ്റംസില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. വാഹനക്കടത്തിലൂടെ കോടികളുടെ ജി എസ് ടി വെട്ടിപ്പ് നടന്നതായി കസ്റ്റംസ് കമ്മീഷര്‍ വെളിപ്പെടുത്തിയിരുന്നു. ജിഎസ്ടി വെട്ടിപ്പില്‍ കേന്ദ്ര ജി.എസ്.ടി വകുപ്പും അന്വേഷണം തുടങ്ങി. വാഹന രജിസ്‌ട്രേഷന് എംബസികളുടെയും മറ്റും വ്യാജരേഖകള്‍ ചമച്ചതില്‍ വിദേശകാര്യമന്താലയത്തിനും വിവരങ്ങള്‍ കൈമാറാനുള്ള നീക്കത്തിലാണ് കസ്റ്റംസ്.