സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരാൻ ധാരണ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരാൻ ധാരണ. കേന്ദ്ര സെക്രട്ടേറിയറ്റിൽ ഡി രാജയ്ക്ക് മാത്രം പ്രായ പരിധിയിൽ ഇളവ് നൽകാൻ തീരുമാനിച്ചതായും, ഡി രാജ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ പറഞ്ഞു.ദേശീയ എക്സിക്യൂട്ടീവ് – കൗൺസിൽ യോഗങ്ങൾക്ക് ശേഷമാണ് പ്രതികരണം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

ഡോക്ടർ കെ നാരായണ, പല്ലബ് സെന്‍ ഗുപ്ത, അസീസ് പാഷ, നാഗേന്ദ്ര നാഥ് ഓജ എന്നീ നാല് അംഗങ്ങൾ കേന്ദ്ര സെക്രട്ടറിയേറ്റിൽ നിന്നും ഒഴിയും. പുതിയ ദേശീയ സെക്രട്ടറിയേറ്റ്, ദേശീയ കൗൺസിൽ അംഗങ്ങളെ തീരുമാനിക്കാൻ ഇന്ന് രാവിലെ എട്ടുമണിക്ക് ദേശീയ എക്സിക്യൂട്ടീവും ഒമ്പതിന് ദേശീയ കൗൺസിലും യോഗം ചേരും.

അതേസമയം, പ്രായപരിധി കൃത്യമായി പാലിക്കണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. ഡി രാജ ഒഴിയണമെന്നും കേരള നേതാക്കൾ നിലപാട് എടുത്തിരുന്നു. എഴുപത്തഞ്ച് കഴിഞ്ഞവർ മാറണം എന്ന് സിപിഐ പാർട്ടി കോൺ‌​ഗ്രസിൽ കേരള ഘടകം നിർദേശം വച്ചിരുന്നു. ദേശീയ കൗൺസിലിൽ അടക്കം പ്രായപരിധി കർശനമായി നടപ്പാക്കണം എന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. കേരളത്തിൽ പ്രായപരിധി നടപ്പാക്കിയതാണ് നേതാക്കൾ ഉയർത്തിക്കാട്ടിയത്.