Headlines

ഡി രാജ സെക്രട്ടറിയായി തുടരുമോ?; സിപിഐ പാർട്ടി കോൺഗ്രസ് ചണ്ഡിഗഡിൽ

സിപിഐ 25-ാം പാർടി കോൺഗ്രസിന് ഇന്ന് ചണ്ഡിഗഡിൽ തുടക്കമാകും. പ്രായ പരിധി പിന്നിടുന്ന ഡി രാജ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുമോ എന്നതാണ് ആകാംക്ഷ. മൊഹാലിയിലെ ജഗത്പുര ബൈപാസ് റോഡിലെ സബ്ജി മണ്ഡിയിൽ വൈകീട്ട് മൂന്നിന് നടക്കുന്ന പൊതു സമ്മേളനത്തോടെയാണ് പാർട്ടി കോണ്ഗ്രസിന് തുടക്കമാകുക.

സുരവരം സുധാകർ റെഡ്ഡി നഗറിൽ തിങ്കളാഴ്ച‌ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സിപിഐഎം, സിപിഐ (എം എൽ), ഫോർവേർഡ് ബ്ലോക്, ആർ എസ് പി എന്നീ ഇടതു പാർട്ടിനേതാക്കൾ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് പ്രതിനിധി സമ്മേളനങ്ങൾ ആരംഭിക്കും. പ്രവർത്തന റിപ്പോർട്ടുൾപ്പെടെ പാർടി രേഖകളിലുള്ള ചർച്ചകൾക്കും തുടക്കം കുറിക്കും.ഡി രാജ ജനറൽ സെക്രട്ടറിയായി തുടരുന്നതിൽ പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ട്. പ്രായ പരിധി മാനദണ്ഡം കർശനമായി പാലിച്ച് ഡി രാജ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ നിലവിലെ ദേശീയ സാഹചര്യത്തിൽ ഡി. രാജ ഒഴിയുന്നത് ഗുണം ചെയ്യില്ലെന്നും, പകരം ഒരു ഡെപ്യുട്ടി ജനറൽ സെക്രട്ടറിയെ കൂടി പാർട്ടി കോൺഗ്രസിൽ തിരഞ്ഞെടുക്കാമെന്നുമാണ് മറു വിഭാഗത്തിന്റെ നിലപാട്.