വാഷിങ്ടൻ ∙ ഇറാനെതിരെ മുമ്പ് നടത്തിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ യേക്കാൾ വലിയ, സൈനിക ആക്രമണത്തിന് താൻ ഗൗരവമായി ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്സിയോസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.‘‘ഞാൻ ഒരു വൻ ആക്രമണത്തെക്കുറിച്ച് ചിന്തിക്കുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം വളരെ വലുത്. അന്തിമ തീരുമാനത്തിലേക്ക് ഞാൻ എത്തിക്കഴിഞ്ഞു. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഞങ്ങൾ പൂർത്തിയാക്കി’’ – ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ ചർച്ചകൾക്ക് താൽപര്യം കാണിക്കുന്നുണ്ടെങ്കിലും ഒരു കരാറിലെത്താൻ അവർ തയാറാകുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. അവർക്ക് ഇനിയും ആവശ്യത്തിനു വേദന ലഭിച്ചിട്ടില്ല എന്നാണ് ഇറാന്റെ നിലപാടിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്.ആവശ്യപ്പെട്ടാൽ രണ്ട് മിനിറ്റിനുള്ളിൽ ഇസ്രയേൽ ഈ സൈനിക നീക്കത്തിൽ പങ്കുചേരുമെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാനെതിരെയുള്ള ആക്രമണത്തിന് അമേരിക്കയ്ക്ക് ഇസ്രയേലിന്റെ സൈനിക സഹായം ആവശ്യമില്ല. ഇസ്രയേൽ ഈ യുദ്ധത്തിൽ പങ്കാളിയായാൽ അത് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികാര ആക്രമണങ്ങൾക്ക് കാരണമായേക്കാമെന്നും ട്രംപ് പറഞ്ഞു. അന്തരിച്ച യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ അന്ത്യോപചാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അടുത്ത ആഴ്ച അമേരിക്കയിൽ എത്തുമെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു.









