Headlines

കേരള ഹൗസില്‍ നാടകീയ രംഗങ്ങള്‍; കനയ്യ കുമാറും കേരള ഹൗസ് ആര്‍സിയും തമ്മില്‍ തര്‍ക്കം

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ കുമാറും കേരള ഹൗസ് റെസിഡന്റ് കമ്മീഷണറും തമ്മില്‍ തര്‍ക്കം. മുറി ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ ഐഎഎസ് മോശമായി പെരുമാറിയെന്നാണ് കനയ്യകുമാറിന്റെ പരാതി. തന്നോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടുവെന്നും കനയ്യകുമാര്‍ പറയുന്നു.കനയ്യ കുമാര്‍ കേരള ഹൗസിലെത്തി തന്റെ പേരില്‍ ഒരു റൂം ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. സാധാരണ റൂം ബുക്ക് ചെയ്യാത്തവരെ കേരള ഹൗസിന് അകത്തേക്ക് കടത്തിവിടാറില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സെക്യൂരിറ്റി ജീവനക്കാരുമായി ഒരു തര്‍ക്കം ഉണ്ടായതിന് പിന്നാലെ അവരെ മറികടന്ന് കനയ്യ റിസെപ്ഷനില്‍ എത്തി. ഇതിന് പിന്നാലെയാണ് മുറി ബുക്ക് ചെയ്യാത്തതിനാല്‍ പുറത്ത് പോകണമെന്ന നിലയില്‍ സംസാരം ഉണ്ടാകുന്നത്. തന്നോട് എങ്ങനെയാണ് പുറത്ത് പോകാന്‍ പറയാന്‍ കഴിയുക എന്നായിരുന്നു കനയ്യ കുമാറിൻ്റെ ചോദ്യം. തുടര്‍ന്ന് കനയ്യ കുമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റൂം ബുക്ക് ചെയ്യാത്ത ആളുകളെ അകത്ത് കയറ്റാന്‍ കഴിയില്ലെന്നാണ് കേരള ഹൗസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് കനയ്യയുടെ വാദം.