Headlines

നാട്ടികയിലെ ടോള്‍ പിരിവ്: പ്രശ്‌നത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍

തൃശൂര്‍: നാട്ടികയിലെ ടോള്‍ പിരിവ് പ്രശ്‌നത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍. അതിനായി തൃശൂര്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തുനിന്ന് കെ രാജന്‍ എംഎല്‍എയാണ് വിഷയം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. നാട്ടികയില്‍ സിപിഐ പ്രവര്‍ത്തകര്‍ക്കടക്കം പോലീസ് ലാത്തിച്ചാര്‍ജില്‍ മര്‍ദനമേറ്റ കാര്യം കെ രാജന്‍ സഭയില്‍ പറഞ്ഞു.

ടോള്‍ പ്ലാസയിലേക്ക് എല്‍ഡിഎഫും യുഡിഎഫും നടത്തിയ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം ഉണ്ടായി. ഇന്നലെ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗവും തീരുമാനമാകാതെ പിരിഞ്ഞതോടയാണ് ടോള്‍ പ്ലാസയിലേക്ക് വന്‍ പ്രതിഷേധം ഉണ്ടായത്. രാവിലെ ആദ്യം പ്രതിഷേധ മാര്‍ച്ചുമായി എത്തിയത് എല്‍ഡിഎഫാണ്. ഉദ്ഘാടനത്തിനുശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയെ വകവയ്ക്കാതെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നിസാറിന് തലയ്ക്ക് പരുക്കേറ്റു. ജലപീരങ്കി പ്രയോഗത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍. സിപിഐ ജില്ലാ സെക്രട്ടറി കെജി ശിവാനന്ദന്‍ എന്നിവര്‍ക്കും പരുക്കുണ്ട്.

കെപിസിസി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂരിന്റെയും കോണ്‍ഗ്രസ് നേതാവ് സുനില്‍ ലാലുവിന്റെയും നേതൃത്വത്തിലായിരുന്നു യുഡിഎഫ് പ്രതിഷേധം. ബാരിക്കേഡിന് അപ്പുറം ചാടിയ ചില പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. തുടര്‍ന്നും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതെ വന്നതോടെ ജലപീരങ്കി പ്രയോഗിച്ചു. റോഡില്‍ കുത്തിയിരുന്ന യുഡിഎഫ് നേതാക്കളെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ സമരങ്ങള്‍ അവസാനിച്ചതോടെ പൊലീസ് ബാരിക്കേഡ് മാറ്റി. കമ്പനി ടോള്‍ പിരിവും തുടങ്ങി.