കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു

 

സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച ന്യൂഡൽഹിയിൽ മുതിർന്ന പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നു.

“ഞാൻ കോൺഗ്രസിൽ ചേരുന്നു, കാരണം ഇത് ഒരു പാർട്ടി മാത്രമല്ല, ഒരു ആശയമാണ്. ഇത് രാജ്യത്തെ ഏറ്റവും പഴയതും ജനാധിപത്യപരവുമായ പാർട്ടിയാണ്, ഞാൻ ‘ജനാധിപത്യ’ത്തിന് പ്രാധാന്യം നൽകുന്നു … ഞാൻ മാത്രമല്ല, രാജ്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് ഇല്ലാതെ കഴിയില്ല എന്ന് പലരും കരുതുന്നു,” കോൺഗ്രസിൽ ചേർന്ന ശേഷം നടത്തിയ പത്രസമ്മേളനത്തിൽ കനയ്യ കുമാർ പറഞ്ഞു.

“കോൺഗ്രസ് പാർട്ടി ഒരു വലിയ കപ്പൽ പോലെയാണ്. അത് സംരക്ഷിക്കപ്പെടുകയാണെങ്കിൽ, അനേകം ആളുകളുടെ അഭിലാഷങ്ങൾ, മഹാത്മാഗാന്ധിയുടെ ഏകത്വം, ഭഗത് സിംഗിന്റെ ധൈര്യം, ബിആർ അംബേദ്കറുടെ തുല്യത എന്ന ആശയം എന്നിവയും സംരക്ഷിക്കപ്പെടും. അതുകൊണ്ടാണ് ഞാൻ അതിൽ ചേർന്നത്.” അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേക പ്രത്യയശാസ്ത്രം ഇന്ത്യയുടെ മൂല്യങ്ങളും സംസ്കാരവും ചരിത്രവും ഭാവിയും നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കനയ്യ പറഞ്ഞു. കോൺഗ്രസിനെ രക്ഷിക്കാതെ രാജ്യത്തെ രക്ഷിക്കാൻ കഴിയില്ലെന്ന് “കോടിക്കണക്കിന് യുവാക്കൾ” കരുതുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ വച്ചാണ് രണ്ട് യുവ നേതാക്കളും കോൺഗ്രസിൽ ചേർന്നത്. കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും മോദി സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവരും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ നയിക്കുന്നവരാണെന്നും പാർട്ടി വക്താവ് രൺദീപ് സിംഗ് പറഞ്ഞു.

2019 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി കനയ്യ കുമാർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) യിൽ അംഗമായിരുന്നു. തുടർന്ന് ബിഹാറിലെ തന്റെ ജന്മനാടായ ബീഗുസാരായിയിൽ നിന്ന് ബിജെപിയുടെ ഗിരിരാജ് സിംഗിനെതിരെ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ മുൻ പ്രസിഡന്റായിരുന്ന കനയ്യ കുമാർ, പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായ അഫ്സൽ ഗുരുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് 2016 ൽ ജെ.എൻ.യുവിൽ നടന്ന ഒരു പരിപാടിയിൽ “ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ” ഉയർത്തി എന്ന ആരോപണത്തിന്റെ പേരിൽ ജയിലിലായതിനെ തുടർന്നാണ് ദേശീയ ശ്രദ്ധ നേടുന്നത്.

ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദളിത് എൻ.എൽ.എയാണ് ജിഗ്നേഷ് മേവാനി. ജിഗ്നേഷ് മേവാനി കോൺഗ്രസിൽ ചേരുന്നത് അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടുള്ള കോൺഗ്രസിന്റെ കണക്കുകൂട്ടലുകളുടെ ഭാഗമാണ്. ജനസംഖ്യയുടെ മൂന്നിലൊന്ന് ദളിതർ ഉള്ള പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

സാങ്കേതിക കാരണങ്ങളാൽ എനിക്ക് ഔപചാരികമായി കോൺഗ്രസിൽ ചേരാൻ കഴിഞ്ഞില്ല. ഞാൻ ഒരു സ്വതന്ത്ര എംഎൽഎയാണ്, ഞാൻ ഒരു പാർട്ടിയിൽ ചേർന്നാൽ എംഎൽഎ ആയി തുടർന്നേക്കില്ല … ഞാൻ ആശയപരമായി കോൺഗ്രസിന്റെ ഭാഗമാണ്, എന്നാൽ വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഞാൻ കോൺഗ്രസ് ചിഹ്നത്തിൽ നിന്ന് മത്സരിക്കും, ” ജിഗ്നേഷ് മേവാനി പറഞ്ഞു.

ഈ രാജ്യത്തെ ഭരിക്കുന്ന “ഫാസിസ്റ്റ് ശക്തികളെ” പരാജയപ്പെടുത്താൻ കനയ്യയോടും മേവാനിയോടും ചേർന്ന് പ്രവർത്തിക്കുന്നതിനെ തന്റെ പാർട്ടി ഉറ്റുനോക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.