സിപിഐഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍ സംഭവിച്ച് കഴിഞ്ഞിട്ട് ചൂണ്ടിക്കാണിച്ചിട്ട് എന്തുകാര്യമെന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ വിമര്‍ശിച്ചത്. സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി എം.എ ബേബി മറുപടി നല്‍കി.പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ശ്രമിക്കണമെന്നും എം.എ ബേബി ആവശ്യപെട്ടു. ( cpim state meeting criticize cpim central leadership)
തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സംസ്ഥാന നേതൃത്വം തയാറാകണമെന്ന് ആവശ്യപെടുന്ന കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം ഉണ്ടായത്. റിപോര്‍ട്ടിലെ വിമര്‍ശനങ്ങള്‍ ശരിവച്ചു കൊണ്ട് തന്നെ, അത് ചൂണ്ടികാണിക്കാന്‍ വൈകി എന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.വീഴ്ചകള്‍ സംഭവിച്ച് കഴിഞ്ഞിട്ട് ചൂണ്ടിക്കാണിച്ചിട്ട് എന്തുകാര്യമെന്ന് നേതാക്കള്‍ ചോദിച്ചു. പിശകുകള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ ഇടപെടാന്‍ കഴിയണമായിരുന്നു. എല്ലാം കഴിഞ്ഞ് പറഞ്ഞിട്ട് എന്ത് ഗുണമാണെന്നും ചില നേതാക്കള്‍ ചോദിച്ചു.സംസ്ഥാനത്തെ പാര്‍ട്ടിയില്‍ നടത്തിയ ഇടപെടലുകള്‍ എണ്ണിപ്പറഞ്ഞ് കൊണ്ടായിരുന്നു ജനറല്‍ സെക്രട്ടറി എം.എ.ബേബിയുടെ മറുപടി.പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചപ്പോഴും, ശബരിമല സ്വര്‍ണ കൊളളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റിലായപ്പോഴും നടത്തിയ ഇടപെടലുകളാണ് ബേബി വിശദീകരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കേന്ദ്രനേതൃത്വം അഭിപ്രായം പറഞ്ഞിട്ടുണ്ട്.കേന്ദ്ര ഇടപെടലിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്ന മാറ്റങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും തമ്മില്‍ അകലമുണ്ടെന്ന് എം.എ.ബേബി ചൂണ്ടിക്കാട്ടി. പാര്‍ട്ടിയും ജനങ്ങളും തമ്മിലും അകലമുണ്ട്.ഈ അകലം കുറയ്ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും എം.എ ബേബി ആവശ്യപ്പെട്ടു.








