ചെന്നൈ ∙ കേരളത്തിലുൾപ്പെടെ പല സംസ്ഥാനങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചു പരിഭ്രാന്തി സൃഷ്ടിച്ച തമിഴ്നാട് സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ വിമാനത്താവളത്തിൽ പിടിയിലായി. യുഎസിലെ ടെക്‌സസിൽ ജോലി ചെയ്യുന്ന ശരത് സുബ്രഹ്മണ്യം ശങ്കർ അവധിക്കു നാട്ടിലെത്തിയപ്പോഴാണു തമിഴ്നാട് ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. മൂന്നു വർഷത്തിനിടെ 1500ൽ അധികം ഭീഷണി സന്ദേശങ്ങളാണ് ഇയാൾ അയച്ചത്. വിമാനത്താവളങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളാണു ലക്ഷ്യമാക്കിയിരുന്നത്. തമിഴ്നാട്ടിൽ മാത്രം നൂറിലധികം കേസുകളാണുള്ളത്. കോടതിയിൽ ഹാജരാക്കിയ ശരത്തിനെ റിമാൻഡ് ചെയ്തു.








