പത്തനംതിട്ടയിൽ വയോധികന് മർദ്ദനം; മകനും മരുമകൾക്കുമെതിരെ കേസ്

പത്തനംതിട്ട അടൂരിൽ അറുപത്താറുകാരനായ വയോധികന് മകൻ്റെയും മരുമകളുടെയും ക്രൂരമർദ്ദനം. തങ്കപ്പൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. മകൻ സിജു പൈപ്പ് കൊണ്ടും മരുമകൾ സൗമ്യ കമ്പുകൊണ്ടും തങ്കപ്പനെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ അടൂർ പോലീസ് മകനും മരുമകൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മറ്റൊരു വീട്ടിലാണ് തങ്കപ്പൻ താമസിച്ചിരുന്നത്. ഇളയ മകനായ സിജുവിൻ്റെ വീട്ടിലേക്ക് എത്തിയതായിരുന്നു തങ്കപ്പൻ. വീട്ടുവളപ്പിൽ പ്രവേശിച്ചതിന് പിന്നാലെയാണ് മർദ്ദനമേറ്റത്. ആദ്യം സിജു പൈപ്പ് ഉപയോഗിച്ച് അടിക്കുകയും പിന്നീട് മരുമകൾ സൗമ്യ കമ്പുകൊണ്ട് മർദ്ദിക്കുകയുമായിരുന്നു.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് നടപടിയെടുത്തത്. പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കുടുംബ പ്രശ്നങ്ങളാണ് മർദ്ദനത്തിന് പിന്നിലെ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ തങ്കപ്പന് പരാതി ഇല്ലായെന്നാണ് പൊലീസ് വ്യക്തമാക്കിയത്.