നഴ്സ് അമീനയുടെ ആത്മഹത്യ; രാജി വെച്ചിട്ടും ആശുപത്രി മാനേജർ വിട്ടില്ല, അറിയാത്ത ജോലികൾ ചെയ്യാൻ നിർബന്ധിച്ചു, പൊലീസ് കണ്ടെത്തൽ

മലപ്പുറം കുറ്റിപ്പുറത്തെ നഴ്സ് അമീനയെ ആത്മഹത്യയിലേക്ക് നയിച്ചത് അമാന ആശുപത്രി മുൻ മാനേജർ അബ്ദുറഹിമാന്റെ ഗുരുതര മാനസിക പീഡനമെന്ന് പൊലീസ് കണ്ടെത്തൽ. കഴിഞ്ഞ ഡിസംബറിൽ ആശുപത്രിയിൽ നിന്ന് രാജി വെക്കാൻ സന്നദ്ധത അറിയിച്ചിട്ടും അബ്ദുറഹിമാൻ സമ്മതിച്ചില്ല. ആവശ്യത്തിന് ജീവനക്കാർ ഇല്ലെന്ന് പറഞ്ഞ് തുടരാൻ നിർബന്ധിക്കുകയായിരുന്നു. ഈ വർഷം ജൂണിൽ വീണ്ടും അമീന രാജി നൽകിയെങ്കിലും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാൻ മാനേജർ തയ്യാറായില്ല. അറിയാത്ത ജോലികൾ ചെയ്യാൻ നിർബന്ധിച്ചെന്നും പൊലീസ് കണ്ടെത്തി.

അറിയാത്ത ജോലി അമീന തന്നെ ചെയ്യണം എന്ന് അബ്ദുറഹിമാൻ നിർബന്ധിക്കുകയായിരുന്നു. അമീന ആത്മഹത്യചെയ്ത ദിവസം ഡ്യൂട്ടി കഴിഞ്ഞ ശേഷം ക്യാബിനിൽ വിളിച്ചു വരുത്തി അനാവശ്യമായി ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും മാനേജർ ചെയ്തിരുന്നു. ഈ മനോവിഷമമാണ് അമീനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ഈ മാസം 12 നാണ് അമീന ജീവനൊടുക്കിയത്. 13 ന് ജോലി അവസാനിപ്പിച്ചു മടങ്ങാൻ നിൽക്കുമ്പോഴായിരുന്നു ആത്മഹത്യ ചെയ്യുന്നത്. അമീന നേരിട്ട സമാന അനുഭവം തന്നെയാണ് ആശുപത്രിയിലെ മറ്റു ജീവനക്കാർക്കും ഉള്ളത്. ഹോസ്റ്റലിലെ ശുചിമുറി വൃത്തിയാക്കാൻ ഉള്ള സാധനങ്ങൾ വരെ അബ്ദുറഹിമാൻ ജീവനക്കാരെ കൊണ്ട് വാങ്ങിപ്പിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തൽ. അബ്ദുറഹിമാനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.