വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; ‘എന്റെ മധുവിനെയാണ് ഓര്‍മ വന്നത്; സമൂഹം എന്തുകൊണ്ടാണ് ഇത്രയും അധഃപതിച്ചത്’; സഹോദരി സരസു

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം, മധു നേരിട്ട ക്രൂരത വീണ്ടും ഓര്‍മ്മപ്പെടുത്തിയെന്ന് സഹോദരി സരസു. സമൂഹം എന്തുകൊണ്ടാണ് ഇത്രയും അധപതിച്ചതെന്ന് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചോദിക്കുന്നു. ആള്‍ക്കൂട്ട മര്‍ദനത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സരസു ആവശ്യപ്പെട്ടു.

വാളായാറിലെ ആള്‍ക്കൂട്ട ആക്രമണം കണ്ടയുടനെ എന്റെ മധുവിനെ തന്നെയാണ് മനസിലേക്ക് വന്നത്. എന്തിനാണ് ആള്‍ക്കൂട്ടം ഇങ്ങനെ അധപതിച്ചുപോയത്. അത്രയും വേദനയോടെയാണ് വീഡിയോ കണ്ടത്. ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ക്ക് തക്ക ശിക്ഷ ലഭിക്കണം. ഇത്തരം ആക്രമണം തടയുന്നതിന് നമ്മളെല്ലാം ഒന്നിച്ച് മുന്നോട്ട് പോകണം. ശക്തമായി എതിര്‍ക്കണം. ഇനിയൊരാള്‍ക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ – സരസു പറഞ്ഞു.

അതേസമയം, കേസില്‍ അന്വേഷണത്തിന്റെ ആദ്യദിവസങ്ങളില്‍ പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് വിവരം. മര്‍ദ്ദിച്ചവരില്‍ കൂടുതല്‍ പേരെ പിടികൂടാന്‍ ആദ്യദിവസങ്ങളില്‍ പൊലീസിന് കഴിഞ്ഞില്ല. ഇവര്‍ നാടുവിട്ടതായി സംശയമുണ്ട്. കൂടുതല്‍ പേര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നെങ്കിലും അത് ശേഖരിക്കാനും പൊലീസിനായില്ല. ആദ്യ മണിക്കൂറുകള്‍ ഉണ്ടായ അനാസ്ഥ കാരണം തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷണ സംഘത്തിന് പരിമിതിയുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ നശിപ്പിച്ചതായാണ് വിലയിരുത്തല്‍.

മരിച്ച രാം നാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹം വിമാനമാര്‍ഗം നാട്ടിലെത്തിക്കും. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എംബാം ചെയ്ത ശേഷമാണ് കൈമാറിയത്. രാം നാരായണന്‍ നേരിട്ടത് ക്രൂര മര്‍ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ദേഹമാസകലം മര്‍ദനമേറ്റു. തലയ്ക്കും ഗുരുതരമായി പരുക്കേറ്റു എന്നാണ് കണ്ടെത്തല്‍.