Headlines

‘പി രാജീവിന്‍റെ ഓഫീസിൽ നിന്ന് വിളിച്ചെന്ന കാരണത്താൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി’; ആരോപണവുമായി കോൺഗ്രസ്, വരണാധികാരിയെ മാറ്റണമെന്ന് ആവശ്യം

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സംഭവത്തിൽ വരണാധികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസർ മായാ ജോസിനെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഒന്നാം ഡിവിഷനിലെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് കാരണം വരണാധികാരുടെ രാഷ്ട്രീയ താൽപര്യമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

മന്ത്രി പി രാജീവിൻ്റെ ഓഫീസിൽ നിന്ന് വിളിച്ചു എന്ന കാരണം പറഞ്ഞാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് എന്നാണ് എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ആരോപിക്കുന്നത്.
വരണാധികാരിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരുമാണ് യുഡിഎഫ് സ്ഥാനാർത്ഥി എൽസി ജോർജിൻ്റെ പത്രിക തള്ളാൻ ഇടയാക്കിയത്. രാഷ്ട്രീയ താൽപര്യത്തോടെ ഉദ്യോഗസ്ഥർ പ്രവർത്തിച്ചെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. വരണാധികാരിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും മുഹമ്മദ് ഷിയാസ് ആവശ്യപ്പെടുന്നു. വിഷയം നിയമപരമായി കോടതിയിൽ ചോദ്യം ചെയ്യുമെന്നും എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് കൂട്ടിച്ചേർത്തു.