ഡൽഹി സ്ഫോടനം: പുൽവാമ സ്വദേശിയായ ഇലക്ട്രീഷ്യൻ അറസ്റ്റിൽ

ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഇലക്ട്രീഷ്യൻ അറസ്റ്റിൽ. പുൽവാമ സ്വദേശിയായ തുഫൈൽ നിയാസ് ഭട്ട് ആണ് അറസ്റ്റിലായത്. വൈറ്റ് കോളർ ഭീകര സംഘവുമായി ഇയാൾക്ക് ബന്ധമുള്ളതായി അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായ ഡോക്ടർമാരുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കേസിൽ വിവിധ സംഘങ്ങളായി തിരിഞ്ഞുകൊണ്ടുള്ള അന്വേഷണം പുരോ​ഗമിക്കുകയാണ്. കഴിഞ്ഞദിവസം ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെത്തി നിരവധി ആളുകളെ എൻഐഎ സംഘം ചോദ്യം ചെയ്തിരുന്നു. കേസിൽ പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. സർവകലാശാലയിലെ പന്ത്രണ്ടിലധികം ജീവനക്കാരെ ചോദ്യം ചെയ്തു. പലരുടെയും മൊഴികളിൽ വൈരുദ്ധ്യം ഉള്ളതായി അന്വേഷണ സംഘം. സ്ഫോടനത്തിന് പിന്നാലെ സംശയിക്കപ്പെടുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പെട്ടെന്ന് നിർജീവമാക്കിയതായി കണ്ടെത്തി.

2 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ ഉള്ള നിരവധി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സംശയനിരയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ, കാൾ റെക്കോർഡുകൾ, സമൂഹമാധ്യമങ്ങളിലെ സംഭാഷണം ഉൾപ്പെടെയുള്ളവ പരിശോധിച്ചു വരുന്നുവെന്നും അന്വേഷണ സംഘം. സർവകലാശാല കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. കേസിലെ മറ്റ് കണ്ണികൾക്കായാണ് എൻഐഎ അന്വേഷണം നടക്കുന്നത്.