മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവറിന് എതിരായ ഇ ഡി നടപടി തുടരുന്നു. ആസ്തി 16 കോടിയിൽ നിന്നും അഞ്ച് വർഷം കൊണ്ട് 64 കോടിയിലേക്ക് ഉയർന്നത് അനധികൃത സ്വത്ത് സമ്പാദനമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായെന്ന് സൂചന. എംഎൽപി ആക്ട് പ്രകാരമുള്ള തുടർ നിയമ നടപടികളിലേക്ക് ഇ ഡി കടക്കും.
കള്ളപ്പണം വെളുപ്പിക്കലിന്റെ തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ രേഖകൾ വിശദമായി പരിശോധിച്ചുവരികയാണ് ഇഡി. 2016ല്‍ 14.38 കോടി ആയിരുന്ന പി വി അന്‍വറിന്റെ ആസ്തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു. ആസ്തി വര്‍ധനവ് എങ്ങനെ എന്നതിന് പി.വി അന്‍വറിന് കൃത്യമായ വിശദീകരണമില്ല. ബിനാമി ഉടമസ്ഥതയെ സംബന്ധിച്ചും ഫണ്ട് വക മാറ്റി ചിലവഴിച്ചതിലും പ്രാഥമിക തെളിവുകള്‍ ലഭിച്ചെന്നും ഇ.ഡി വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ 17ാം വകുപ്പ് പ്രകാരമാണ് പിവി അന്‍വറുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ നടന്നതെന്നും ഇഡി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഒരേ പ്രോപ്പര്‍ട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളില്‍ വിവിധ ലോണുകള്‍ കെഎഫ്‌സി വഴി തരപ്പെടുത്തിയെന്നും വിശദീകരിച്ചിട്ടുണ്ട്.







