ഫ്രഷ് കട്ട് സംഘർഷം; കസ്റ്റഡിയിലെടുത്ത മുസ്ലീം ലീഗ് നേതാവിനെ വിട്ടയച്ചു, സമരസമിതി ചെയർമാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട് കട്ടിപ്പാറ ഫ്രഷ് കട്ട് സമരസമിതി ചെയർമാന്റെ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത മുസ്ലീം ലീഗ് നേതാവിനെ വിട്ടയച്ചു. ഇന്നലെ കസ്റ്റഡിയിലെടുത്ത മുസ്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഹാഫിസ് റഹ്മാനെയാണ് പോലീസ് വിട്ടയച്ചത്. സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ എവിടെയാണെന്ന് കണ്ടെത്താനാണ് ഹാഫിസിനെ കസ്റ്റഡിയിലെടുത്തത്. ബാബുവിന് എതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

ഇന്നലെ വൈകിട്ട് കസ്റ്റഡിയിൽ എടുത്ത ഹാഫിസ് റഹ്മാനെ ഇന്ന് പുലർച്ചയോടെയാണ് വിട്ടയച്ചത്.
സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ 11 -ആം വാർഡിലെ സ്ഥാനാർത്ഥിയാണ്. ഹാഫിസ് റഹ്മാൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ ഒളിവിൽ കഴിയുന്ന ബാബു കുടുക്കലിനെയും സംഘത്തെയും കുറിച്ച് വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് കണക്കുകൂട്ടിയിരുന്നത്.
സംഘര്‍ഷത്തില്‍ ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
ഒക്ടോബര്‍ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് സംഘര്‍ഷത്തിലെത്തുന്നത്.