രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിട്ടുനിന്നത് ദളിത് സമൂഹത്തോടുള്ള അധിക്ഷേപം:വി മുരളീധരന്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങില്‍ നിന്ന് വിട്ടുനിന്നതിന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കോണ്‍ഗ്രസും മാപ്പുപറയണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. തിരുവനന്തപുരത്തുണ്ടായിട്ടും വിഡി സതീശന്‍ ചടങ്ങില്‍ പങ്കെടുക്കാത്തത് ദളിത് സമൂഹത്തോടുള്ള അധിക്ഷേപമാണെന്ന് വി മുരളീധരന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങിനെത്താത്തത് അപലപനീയമാണ്. രാഷ്ട്രപതിയുടെ സന്ദര്‍ശനം മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അനുമതിയോടെ ആണല്ലോ. രാഷ്ട്രപതി കേരളത്തിലെത്തി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്തു എന്നത് കേരളത്തിന് അഭിമാനകരമായ നിമിഷമാണെന്നും വി മുരളീധരന്‍ പറഞ്ഞു

രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നിരിക്കെ വിദേശയാത്രയുടെ സമയം മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കുമായിരുന്നുവെന്ന് വി മുരളീധരന്‍ പറഞ്ഞു. വിദേശയാത്ര അല്‍പ്പം കൂടി നീട്ടിവച്ചിരുന്നുവെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുമായിരുന്നോ എന്നും മുരളീധരന്‍ ചോദിച്ചു. പ്രതിപക്ഷ നേതാവിന് ചടങ്ങിലേക്ക് ക്ഷണമുണ്ടായിട്ടും വരാതിരുന്നത് ബോധപൂര്‍വ്വമാണ്. സോണിയാ ഗാന്ധി ദൗപദി മുര്‍മുവിനെ അവഹേളിച്ചത് രാജ്യം മറന്നിട്ടില്ല. ദളിത് സമുദായത്തില്‍ നിന്ന് രാഷ്ട്രപതിമാരായവരോടുള്ള അവഹേളനമായി മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും ഈ നിലപാടിനെ കാണാമെന്നും വി മുരളീധരന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടും വി മുരളീധരന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. സ്വര്‍ണക്കൊള്ളയുടെ യഥാര്‍ഥ ഉത്തരവാദികള്‍ ഇപ്പോഴും പുറത്താണെന്ന് അദ്ദേഹം ആരോപിച്ചു. മുരാരി ബാബുവിന് പിന്നാലെയാണ് ഇപ്പോഴും അന്വേഷണം. ഈ ബോര്‍ഡിനെ പുറത്താക്കാതെ, ഈ ദേവസ്വം മന്ത്രി രാജിവയ്ക്കാതെ കാര്യമില്ല. പ്രത്യേക അന്വേഷണസംഘത്തെ ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയ നേതൃത്വത്തില്‍ ഉള്ളവരെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുകാണ്. സിബിഐ അന്വേഷണമാണ് ആവശ്യം. ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നും വിശ്വാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.