ഭക്ഷണത്തിന് മധുരം നല്‍കുന്ന കുറച്ചുകൂടി ഹെല്‍ത്തിയായ ഒരു ചോയ്‌സായാണ് പലപ്പോഴും നാം തേനിനെ കാണാറ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കല്‍, ദഹനശേഷി കൂട്ടല്‍, മുറിവുണക്കല്‍ തുടങ്ങി നിരവധി ആരോഗ്യഗുണങ്ങളാണ് തേനിനുള്ളത്. നിരവധി ഗുണങ്ങളുള്ള തേന്‍ പാചകത്തില്‍ സ്ഥിരമായി ഉപയോഗിച്ചുകൂടേ, തേന്‍ ചൂടാക്കി ഉപയോഗിച്ചുകൂടേ, മധുരപലഹാരങ്ങള്‍ ഓവനില്‍ ഉണ്ടാക്കുമ്പോള്‍ അതില്‍ ചേര്‍ത്തുകൂടേ എന്ന് പലര്‍ക്കും സംശയം തോന്നാം. എന്നാല്‍ അടുപ്പില്‍ വച്ചോ ഓവനില്‍ വച്ചോ ചൂടാക്കി ഉപയോഗിക്കാനേ പാടില്ലാത്ത ഒന്നാണ് തേന്‍. അതിന് താഴെപ്പറയുന്ന കാരണങ്ങളുണ്ട്.
ചൂടിനോട് ഒട്ടും യോജിക്കാത്ത ഒരു രാസമിശ്രണമാണ് തേനിന്റേത്. ചൂടാക്കുകയോ തണുപ്പിക്കുകയോ ചെയ്യാത്ത സ്വാഭാവിക താപനിലയിലുള്ള തേനില്‍ ഡയസ്റ്റേസ്, ഗ്ലൂക്കോസ് ഓക്‌സിഡേസ്, ഇന്‍വെര്‍ട്ടേസ് മുതലായ എന്‍സൈമുകളുണ്ട്. ഇവയാണ് തേനിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നത്. പാനിലോ ഓവനിലോ തേന്‍ ചൂടാക്കുമ്പോള്‍ ഈ എന്‍സൈമുകള്‍ നിര്‍വീര്യമാക്കപ്പെടുന്നു. സ്വാഭാവികമായും തേന്‍ നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ഗണ്യമായി കുറയുന്നു. ചൂടാക്കുമ്പോള്‍ തേനിലെ ഗ്ലൂക്കോസ് ഓക്‌സിഡേസും ഡിഫെന്‍സിന്‍-1 ഉം നിര്‍വീര്യമാക്കപ്പെടുകയും തേനിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നതായി നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തിയിട്ടുണ്ട്.
നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം തേന്‍ കൂടുതല്‍ ചൂടാക്കുമ്പോള്‍ ഹൈഡ്രോക്‌സിമിഥെയ്ല്‍ഫര്‍ഫറല്‍ എന്ന ഒരു രാസവസ്തു രൂപംകൊള്ളുന്നതായി അടിവരയിടുന്നുണ്ട്. ഇത് മനുഷ്യശരീരത്തിന് ദോഷകരമാണ്. 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടാക്കിയ തേനിന്റെ ആന്റിഓക്‌സിഡന്റ് പ്രയോജനങ്ങള്‍ വളരെ കുറവായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ചൂടാക്കിയ തേന്‍ വിഷമാണെന്നാണ് ആയുര്‍വേദം പറയാറ്. ചൂടാക്കിയ തേന്‍ ശരീരത്തിനുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടന്നുവരികയാണ്. തേനില്‍ നിന്ന് പൂര്‍ണമായ ആരോഗ്യഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ തേന്‍ ചൂടാക്കാതെ തന്നെ ഉപയോഗിക്കണമെന്നാണ് നിലവിലെ ഭൂരിഭാഗം പഠനങ്ങളും തെളിയിക്കുന്നത്.





