Headlines

ശബരിമല സ്വർണക്കൊള്ള; ‘അന്നത്തെ ദേവസ്വം മന്ത്രിയെയും പ്രതിച്ചേർക്കണം; ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം’; വി ഡി സതീശൻ

ശബരിമല സ്വർണക്കൊള്ളയിൽ അന്നത്തെ ദേവസ്വം മന്ത്രിയെയും പ്രതിച്ചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗൂഢാലോചനയിൽ എല്ലാവരും പങ്കാളികളാണ്. ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

ഗൂഢാലോചന നടത്തിയ സംഘത്തിലെ ആളാണ് മുരാരി ബാബു. ഗൂഢാലോചന നടത്തിയവരിൽ 2019ലെ ദേവസ്വം ബോർഡ് പ്രസിഡണ്ടും മെമ്പർമാരും ഉണ്ട്. ഇപ്പോഴത്തെ ദേവസ്വം ബോർഡിനും,മന്ത്രിക്കും സ്വർണ്ണ കടത്തിൽ പങ്കുണ്ട്. ഈ കേസ് ശരിയായി അന്വേഷിച്ചാൽ അവരും പ്രതികൾ ആകും. ഊഹങ്ങൾ എല്ലാം ശരിയായിരുന്നു. ആഗോള സംഗമം പൊളിക്കാനുള്ള ഗൂഢാലോചന എന്നാണ് ആദ്യം പറഞ്ഞത്. പ്രതിപക്ഷത്തിന്റെ മുകളിൽ കെട്ടിവയ്ക്കാൻ ശ്രമം നടന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. യു‍ഡിഎഫ് പ്രതിഷേധം തുടരുമെന്നും പ്രതിഫക്ഷ നേതാവ് വ്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ളക്കേസിൽ സസ്പെൻഷനിലായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ എസ്ഐടി ഇന്ന് അറസ്റ്റ് ചെയ്തതിരുന്നു. 2019ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികളിൽ നിന്ന് 2 കിലോഗ്രാം സ്വർണം കവർന്നെന്ന കേസിൽ രണ്ടാം പ്രതിയാണ്.

2016 മുതൽ 144 പോലീസുകാരെ പിരിച്ചുവിട്ടു എന്നാണ് മുഖ്യമന്ത്രി പറഞ്ഞ കണക്ക്. വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ അങ്ങനെയൊരു കണക്ക് പൊലീസ് ആസ്ഥാനത്ത് ഇല്ല. ആകെ 14 പേരെ ഉള്ളു എന്നാണ് കണക്ക്. സർവീസിൽനിന്ന് പിരിച്ചുവിടപ്പെട്ടു എന്നു പറഞ്ഞ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് കോൺഗ്രസ്‌ എം പി യുടെ തലക്ക് അടിപ്പിക്കുന്നു. ഷാഫി പറമ്പിൽ എതിരെ നടന്ന ആക്രമണത്തിലും ഗൂഢാലോചനയുണ്ട്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ഇതിനു കൂടി മറുപടി പറയണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.