Headlines

പുതിയ എകെജി സെന്ററിന് വേണ്ടി ഭൂമി വാങ്ങിയത് കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞുതന്നെ; തെളിവ് പുറത്ത്

പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം ഭൂമി വാങ്ങിയത് കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞുതന്നെ. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്ന് മാസം മുന്‍പ് തന്നെ കേസുളള വിവരം സിപിഐഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ തെളിവ് പുറത്തുവന്നു. ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് സുപ്രിംകോടതിയെ സമീപിച്ച വിഎസ്എസ്സി ശാസ്ത്രജ്ഞ ഇന്ദുഗോപന്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിക്കയച്ച കത്ത് പുറത്ത് വന്നതോടെയാണ് തെളിവുകള്‍ വെളിപ്പെട്ടത്.

2020 സെപ്റ്റംബര്‍ 25നാണ് പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ
പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത്. 2020 ജൂണ്‍ 9ന് വാങ്ങാന്‍ പോകുന്ന 32 സെന്റ് ഭൂമിയില്‍ തര്‍ക്കമുണ്ടെന്ന് കാണിച്ച് വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞ ഇന്ദു അന്നത്തെ സെക്രട്ടറിക്ക് കത്തയച്ചു. തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭൂമി ക്രിമിനല്‍ പ്രവര്‍ത്തിയിലൂടെ കൈവശപ്പെടുത്തിയവര്‍, അതേ ഭൂമി
പാര്‍ട്ടിക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശത്തേ കുറിച്ച് ദീര്‍ഘമായ നിയമയുദ്ധം ഉണ്ടായേക്കാം. ഭൂമി വാങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നായിരുന്നു കത്തിന്റെ ഉളളടക്കം.

ഈ മുന്നറിയിപ്പ് അവഗണിച്ചാണ് സിപിഐഎം പുതിയ എകെജി സെന്ററിനായി ഭൂമി
വാങ്ങിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. 14 പേരുടെ ഉടമസ്ഥതയിലുളള 32 സെന്റ് ഭൂമി 6.4 കോടി രൂപക്ക് വാങ്ങിയെന്നാണ് അന്ന് പുറത്തുവന്ന വിവരം. ഹൈക്കോടതിയില്‍ കേസ് ഉണ്ടായിരുന്നതായി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നഘട്ടത്തില്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരുന്നു.

തര്‍ക്കഭൂമിയാണെന്ന് സിപിഐഎമ്മിന്റെ ശ്രദ്ധയില്‍ പെടുത്തിയ ഇന്ദുഗോപന്റെയും മുത്തച്ഛന്റെയും ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി ലേലത്തിലൂടെ ചിലര്‍ കൈവശപ്പെടുത്തി എന്നാണ് പരാതി. ഈ കേസിലാണ് സുപ്രിംകോടതി സിപിഐഎമ്മിന് നോട്ടീസ് അയച്ചിരിക്കുന്നത്. പഴയ എകെജി സെന്റര്‍ നിര്‍മ്മിക്കാന്‍ ഭൂമി കൈയ്യേറിയെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.ഇതിനിടെയാണ് പുതിയ
ആസ്ഥാന മന്ദിരവും കേസില്‍ പെട്ടിരിക്കുന്നത്.