ചെന്നൈ∙ ആഗ്രയിൽ ട്രെയിനിൽ ചുവന്ന സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ചെന്നൈയിലെ വാടക വീട്ടിൽവച്ചാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. അവിടെ നിന്ന് യുവതിയുടെ മൃതദേഹവും പൊലീസ് കണ്ടെത്തി.
ഓഗസ്റ്റ് 6-നാണ് ആഗ്ര റെയിൽവേ സ്റ്റേഷനിൽവച്ച് തമിഴ്നാട് എക്സ്പ്രസിലെ ജനറൽ കോച്ചിൽ നിന്ന് ഒരു ചുവന്ന സ്യൂട്ട്കേസ് കണ്ടെത്തിയത്. ബാഗിൽ നിന്ന് എന്തോ ദ്രാവകം പോലെ പുറത്തേയ്ക്ക് ഒലിക്കുന്നതു കണ്ടതോടെ റെയിൽവേ അധികൃതർ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ സ്യൂട്ട്കേസിൽ നിന്ന് അഴുകിയ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.
സ്യൂട്ട്കേസിനുള്ളിൽ ചെന്നൈ എന്നെഴുതിയ ഒരു പോളിത്തീൻ കവറുണ്ടായിരുന്നു. പിന്നാലെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ അടക്കമുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഈ പരിശോധനയാണ് പ്രതികളിലേക്കെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ചുവന്ന സ്യൂട്ട്കേസുമായി ഒരു പുരുഷനും സ്ത്രീയും ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ പ്രവേശിക്കുന്നതും പിന്നീട് സ്യൂട്ട്കേസ് ചെന്നൈ–ഡൽഹി തമിഴ്നാട് എക്സ്പ്രസിൽ വയ്ക്കുന്നതും കാണാമായിരുന്നു.
ഇവർക്ക് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണമാണ് ചെന്നൈയിലെ ഗുഡുവഞ്ചേരി മേഖലയിലെ വാടകവീട്ടിലെത്തിയത്. അവിടെ പൊലീസ് കണ്ട കാഴ്ച അതിദാരുണമായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം സീലിങ്ങിൽ തൂങ്ങിയ നിലയിലും, ചില ശരീരഭാഗങ്ങൾ ബിരിയാണി ചെമ്പിൽ വലിയ പാത്രത്തിനുള്ളിലും കണ്ടെത്തി.
യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കിയെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ കൊല്ലപ്പെട്ടതാരാണെന്നോ പ്രതികൾക്ക് ഇവരുമായുള്ള ബന്ധം എന്താണെന്നോ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെയും പൊലീസിന് ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പാത്രം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.
ട്രെയിനിലെ ജനറൽ കോച്ചിൽ സ്യൂട്ട് കേസ്, തുറന്നപ്പോൾ മൃതദേഹാവശിഷ്ടം; നിർണായക തെളിവായി പോളിത്തീൻ കവർ







