‘മുല്ലപ്പൂവേ.. റോസാപ്പൂവേ..പ്രിയ സഖാവ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ ആര്‍ത്തലച്ചു മുദ്രാവാക്യം വിളിച്ചത് ഒരു കുരുന്നാണ്. ഇത്തരത്തില്‍ പ്രിയസഖാവിനെ ഒരുനോക്ക് കാകാണാന്‍ ഓടിയെത്തിയവരില്‍ കുഞ്ഞുങ്ങള്‍ ഒട്ടനവധിയുണ്ടായിരുന്നു. നാടിന്റെ വരുംകാല വര്‍ത്തമാനങ്ങളില്‍ ഇനിയും വി എസ് നിറയുമെന്നതിന്, വിപ്ലവനേതാവിനെ കാണാനെത്തിയ ഈ കുഞ്ഞുങ്ങള്‍ തന്നെ ഉറപ്പ്.
ഒന്നരപതിറ്റാണ്ട് മുമ്പാണ് വി എസ് മുഖ്യമന്ത്രിപദമൊഴിഞ്ഞത്. ഇപ്പോഴിത് പതിനഞ്ചാം വര്‍ഷം. 2016ല്‍ പ്രതിപക്ഷനേതൃസ്ഥാനവും ഒഴിഞ്ഞു. ഒമ്പത് വര്‍ഷം. അക്കാലവും കഴിഞ്ഞ് പിറന്ന കുഞ്ഞുങ്ങളും അദ്ദേഹത്തിന് വേണ്ടി മുദ്രാവാക്യം ഉയര്‍ത്തുന്നുവെങ്കില്‍ ആ മനുഷ്യന്‍ പടര്‍ന്നത് അത്രമേല്‍ ആഴത്തിലാണ്.
ആ വിപ്ലവവീര്യത്തെ അടുത്തറിഞ്ഞില്ലെങ്കിലും, നിറഞ്ഞുനിന്ന കാലത്തെ നേരില്‍ കണ്ടില്ലെങ്കിലും, ആ കുഞ്ഞുങ്ങള്‍ക്ക് ഒന്നറിയാം. ഈ നാടിന് എന്തെല്ലാമോ ആയിരുന്നു വി എസ് എന്ന്.