ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിക്കാനൊരുങ്ങി കുരുന്നുകള്‍

വിജയദശമി ദിനമായ ഇന്ന് അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ കുറിക്കാനൊരുങ്ങുകയാണ് കുരുന്നുകള്‍. സാംസ്കാരിക കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പലസ്ഥലത്തും നേരത്തേ ബുക്ക് ചെയ്തവരെ മാത്രമേ പ്രവേശിപ്പിക്കൂ.

ഗുരുസ്ഥാനത്തുള്ളവരോ, രക്ഷിതാക്കളോ മടിയിലിരുത്തി അരിയില്‍ അക്ഷരം കുറിക്കുന്നതാണ് ചടങ്ങ്. തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, തൃശൂര്‍ തിരുവുള്ളക്കാവ് തുടങ്ങി നിരവധി ക്ഷേത്രങ്ങളിലും സംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കും.

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ തിരൂർ തുഞ്ചന്‍ പറമ്പില്‍ ഇത്തവണയും എഴുത്തിനിരുത്ത് ചടങ്ങുകളില്ല. വിദ്യാരംഭത്തിന് മിക്ക ക്ഷേത്രങ്ങളും പൊതു ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ക്ഷേത്ര ദർശനത്തിനുള്ള നിയന്ത്രണങ്ങളിൽ ഇന്ന് ഇളവുണ്ടാകും. അതതുക്ഷേത്രങ്ങളിലെ സാഹചര്യം അനുസരിച്ചാണ് നിയന്ത്രണം.