Headlines

മഡിവാള പീഡനക്കേസ്: പ്രതി ഹൈനസ് അറസ്റ്റിൽ, പിടിയിലായത് കേരളത്തിൽ നിന്ന്

 

കർണാടക മടിവാളയിൽ മലയാളി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി ഹൈനസ് അറസ്റ്റിൽ. കേരളത്തിൽ നിന്നാണ് പ്രതിയെ കർണാടക പോലീസ് പിടികൂടിയത്. 48 മണിക്കൂറിനകം പ്രതിയെ പിടികൂടണം എന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കർശന നിർദ്ദേശം നൽകിയിരുന്നു. മഡിവാള സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റിനിർത്തി‌. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് മടിവാള സ്റ്റേഷനിൽ നിന്നും ആടുഗോഡി സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

 

 

എഫ്ഐആർ ഇടുന്നതിൽ കാലതാമസം വരുത്തിയതിൽ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ഡിസിപിയെ നേരിട്ട് വിളിച്ചുവരുത്തി ശാസിച്ചിരുന്നു. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ആടുഗോഡി എസിപിക്ക് അന്വേഷണത്തിന്റെ മേൽനോട്ടം നൽകുകയായിരുന്നു. മഡിവാള സ്റ്റേഷനിൽ പരാതി നൽകാനെത്തിയെങ്കിലും പൊലീസ് പെരുമാറ്റം മോശമായിരുന്നു എന്ന് പരാതിയുണ്ടായിരുന്നു. പരാതി സ്വീകരിക്കാനോ വൈദ്യ പരിശോധന നടത്താനോ പൊലീസ് തയ്യാറായില്ലായിരുന്നു.സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന 20 കാരിയെ ഈ മാസം 12 നായിരുന്നു ഹൈനസ് ബലാത്സംഗം ചെയ്തത്. കഫേയ്ക്ക് സമീപത്തെ താമസസ്ഥലത്ത് എത്തിയാണ് ഹൈനസ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സുഖമില്ലാതെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ ഹൈനസ് അവിടെയെത്തി. തുടർന്ന് സുഹൃത്തുക്കൾ പുറത്തുപോയ സമയത്താണ് ഇയാൾ മുറിയിൽ അതിക്രമിച്ചുകയറി ബലാത്സംഗംചെയ്തതെന്നാണ് പരാതി.