Headlines

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ടി പി വധക്കേസിലെ പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. അപ്പീലില്‍ തീരുമാനമെടുക്കും വരെയാണ് ജാമ്യം നല്‍കിയത്. ഗൂഢാലോചന തെളിയിക്കുന്നതിന് തെളിവുകളില്‍ അപര്യാപ്തതയെന്ന് കോടതി നിരീക്ഷണം.കേസില്‍ സാക്ഷി പറഞ്ഞ രണ്ട് പേരില്‍ ഒരാള്‍ തന്നെ കണ്ടിട്ട് പോലുമില്ല എന്ന് ജ്യോതിബാബു കോടതിയില്‍ വാദിച്ചു. മൂന്ന് ഗൂഢാലോചന യോഗങ്ങള്‍ നടന്നതായി പറയുന്നു, അതില്‍ മൂന്നാമതായി നടന്നത് മാത്രമാണ് തെളിയിക്കാന്‍ ആയത് എന്ന് ജ്യോതിബാബു. മൂന്നാമത്തെ ഗൂഢാലോചന യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ല എന്നും ജ്യോതിബാബു വ്യക്തമാക്കി. പ്രതികള്‍ക്ക് എതിരെ ഫോണ്‍ കോളുകള്‍ അടക്കമുള്ള തെളിവുകള്‍ ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ മറുപടി തന്നെയുണ്ടെന്ന് എതിര്‍ഭാഗം വാദിച്ചു.

പ്രതിക്കെതിരെയുള്ളത് ദുര്‍ബലമായ തെളിവുകള്‍ എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഗൂഢാലോചന തെളിയിക്കുന്നതിന് തെളിവുകളില്‍ അപര്യാപ്തത ഉണ്ടെന്നും നീരിക്ഷണമുണ്ട്.

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വൃക്ക മാറ്റിവയ്ക്കലിലായി ദാതാവിനെ ലഭിച്ചോ എന്ന് ജ്യോതി ബാബുവിനോട് കോടതി ചോദിച്ചു. ദാതാവിനെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഉടന്‍ ജാമ്യം അനുവദിക്കുന്നതിലേക്ക് കോടതി കടന്നില്ല.അവസ്ഥ വളരെ മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നും ജ്യോതി ബാബു ആവശ്യപ്പെട്ടു. ജ്യോതിബാബുവിനെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കേസില്‍ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു സുപ്രീംകോടതിയില്‍ ജാമ്യം തേടിയത്.