Headlines

ഛത്തീസ്ഗഡിലെ ആദിവാസി യുവതികളുടെ പരാതി: ജ്യോതി ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്കെന്ന് സിപിഐ

ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെയും ആദിവാസി യുവതികളെയും ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞുവയ്ക്കുകയും കള്ളക്കേസ് ചുമത്തി ജയിലിലടക്കുകയും ചെയ്ത സംഭവത്തില്‍ നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി സിപിഐ. സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകളോടൊപ്പം പോയതെന്നും ജ്യോതി ശര്‍മ ഉള്‍പ്പെടെ പീഡിപ്പിച്ചെന്നും ആദിവാസി യുവതികള്‍ വനിതാ കമ്മിഷനെ അറിയിച്ചിരുന്നു. വനിത കമ്മിഷനിലുള്ള ബിജെപി അംഗങ്ങള്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കമ്മിഷന്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭം നടത്തുമെന്നാണ് സിപിഐ അറിയിച്ചിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് തടഞ്ഞുവയ്ക്കപ്പെട്ട ആദിവാസി യുവതികള്‍ വനിത കമ്മിഷന് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം ഹിയറിങ് നടത്തിയെങ്കിലും ബജ്‌റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ്മ ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. സിപിഐ നേതാക്കളോടൊപ്പമാണ് ആദിവാസി യുവതികള്‍ പരാതിയില്‍ തെളിവ് നല്‍കാന്‍ കമ്മിഷന് മുന്നില്‍ എത്തിയത്. യുവതികളുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ യുവതികളെ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത ബജ്‌റംഗ്ദള്‍ നേതാവായ ജ്യോതി ശര്‍മ്മ കമ്മിഷനില്‍ ഹാജരാകാന്‍ എത്തിയെങ്കിലും പിന്നീട് പുറത്തേക്ക് പോവുകയായിരുന്നു. യുവതികള്‍ മനുഷ്യക്കടത്തിന്റെയും മതപരിവര്‍ത്തനത്തിന്റെയും ഇരകളാണെന്ന് ആരോപിച്ചാണ് കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ ഇക്കാര്യത്തില്‍ തെളിവൊന്നും ലഭിച്ചില്ല, പിന്നീടവരെ കോടതിയില്‍ നിന്നും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം തൊഴില്‍ അന്വേഷിച്ച് മറ്റൊരു സംസ്ഥാനത്തേക്ക് പോകുകയായിരുന്നുവെന്ന് യുവതികള്‍ കമ്മിഷന് മുന്നിലും വ്യക്തമാക്കി. കന്യാസ്ത്രീകള്‍ ജോലി ലഭിക്കുന്നതിന് സഹായിക്കുകയായിരുന്നു. എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് തങ്ങളെ അന്യായമായി വളഞ്ഞു വയ്ക്കുകയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായും അവര്‍ വ്യക്തമാക്കി.

ഈ സംഭവത്തില്‍ തങ്ങള്‍ക്ക് കടുത്ത മാനസിക ബുദ്ധിമുട്ടും, അവമതിയും ഉണ്ടായെന്നും ആദിവാസി യുവതികള്‍ വ്യക്തമാക്കി. സിപിഐ സംസ്ഥാന-ജില്ലാ നേതാക്കളോടൊപ്പമാണ് ആദിവാസി യുവതികള്‍ കമ്മിഷന് മുന്നില്‍ തെളിവ് നല്‍കാന്‍ എത്തിയത്. ഹിന്ദുത്വ സംഘടനാ നേതാക്കളായ ജ്യോതി ശര്‍മ്മ, രത്തന്‍ യാദവ്, രവി നിഗം ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. രാവിലെ 11 മണിയോടെയാണ് ജ്യോതി ശര്‍മ്മ കമ്മീഷനില്‍ എത്തിയത്. എന്നാല്‍ വാദം തുടങ്ങുന്നതിന് മുന്‍പ് തന്നെ അവര്‍ പുറത്ത് പോയി. ഔപചാരിക വാദം ആരംഭിക്കുമ്പോള്‍ ജ്യോതി ശര്‍മ്മ ഹാജരായിരുന്നില്ല.

ജ്യോതി ശര്‍മ്മയുടെ ഈ നിലപാടിനോട് കമ്മീഷന്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. അടുത്ത സിറ്റിംഗില്‍ അവര്‍ ഉള്‍പ്പെടെ എല്ലാ കക്ഷികളും നിര്‍ബന്ധമായും ഹാജരാകണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടു. ഇത്തരത്തിലുള്ള ഗുരുതരമായ വിഷയത്തില്‍ ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും എല്ലാ വസ്തുതകളും ഹാജരാക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.