തൃശൂര്‍ മാള പഞ്ചായത്തില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ കള്ള ഒപ്പെന്ന് ആരോപണം. ഒപ്പിനെചൊല്ലി സൂക്ഷ്മപരിശോധനയ്ക്കിടെ സിപിഐഎം, ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ഒന്നാം വാര്‍ഡിലെ ട്വന്റി20 സ്ഥാനാര്‍ഥി സന്തോഷ് പയ്യാക്കലിന്റെ നാമനിര്‍ദേശപത്രികയില്‍ പിന്തുണച്ചതായി രേഖപ്പെടുത്തിയ മല്ലിക എന്ന സ്ത്രീ അതിലുള്ളത് തന്റെ ഒപ്പല്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി.
സിപിഐഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ മല്ലികയെ ബന്ധപ്പെട്ടപ്പോള്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പറഞ്ഞതോടെ മല്ലിക പഞ്ചായത്ത് ഓഫീസില്‍ എത്തി ട്വന്റി20 പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകരും ട്വന്റി20 നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളി ഉണ്ടായി. സിപിഐഎം പ്രവര്‍ത്തകര്‍ ട്വന്റി20 നിയോജകമണ്ഡലം പ്രസിഡന്റ് വര്‍ഗീസ് ജോര്‍ജിനെതിരെ പ്രതിഷേധിക്കുകയും, കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്ന് പഞ്ചായത്തില്‍ കൂടി നിന്നവര്‍ ഇടപെടുകയും സംഘര്‍ഷം ഒഴിവാക്കുകയുമായിരുന്നു. മല്ലിക സിപിഐഎം അനുഭാവിയാണെന്നും ഭീഷണി മൂലം നിലപാട് മാറിയതാണെന്നും ട്വന്റി20 ആരോപിച്ചു.






