Headlines

തമിഴ്നാട്ടിലും അതിശക്തമഴ; ചെന്നൈ ഉൾപ്പടെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ സ്കൂളുകൾക്ക് അവധി

തമിഴ്നാട്ടിലും അതിശക്തമായ മഴ. ചെന്നൈ ഉൾപ്പടെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂർ, റാണിപ്പേട്ട്, കാഞ്ചീപുരം, ചെങ്കൽപേട്ട്,തിരുവണ്ണാമല, വിഴുപ്പുറം എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴ കനക്കും. 7 ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പും ഉണ്ട്. പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശക്തമായ മഴയെ തുടർന്ന് അവധി നൽകി.

രാവിലെ 10 മണിയ്ക്ക് ശേഷം മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പുള്ളത്. പുതുച്ചേരി, കടലൂർ, വില്ലുപുരം തുടങ്ങിയ സ്ഥലങ്ങളിൽ രാത്രിയിൽ കനത്ത മഴ പെയ്തു. വടക്കൻ തീരദേശ തമിഴ്‌നാട്ടിൽ മഴയുടെ തീവ്രത വർദ്ധിക്കാനിടയുണ്ട്. കഴിഞ്ഞ മണിക്കൂറുകളിൽ ചെന്നൈയുടെ ചില ഭാഗങ്ങളിൽ വ്യാപകമായി മഴ പെയ്യുന്നുണ്ട്. വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ അഞ്ച് തെക്കൻ ജില്ലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ നേത്യത്വത്തിൽ നിലവിലെ സ്ഥിതിഗതികൾ ചർച്ചചെയ്യാനായി ഇന്ന് തന്നെ യോഗം ചേരും.