തീവ്ര ന്യൂനമർദം ഇന്ന് കരതൊടും; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ഇന്ന് കര തൊടും. വടക്കൻ തമിഴ്‌നാട്, തെക്കൻ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒരാഴ്ചക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദമാണിത്. തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്
സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. മലയോര മേഖലകളിലും വനമേഖലകളിലും ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് നിർദേശം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തമിഴ്‌നാട്ടിൽ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയാണ് തമിഴ്‌നാട്ടിൽ തുടരുന്നത്.
ചെന്നൈ, കാഞ്ചിപുരം, ചെങ്കൽപേട്ട്, റാണിപേട്ട്, തിരുവള്ളൂർ ജില്ലകളിലൊക്കെ കനത്ത മഴയാണ്. ചെന്നൈ നഗരത്തിന്റെ വിവിധ മേഖലകളിൽ വെള്ളം കയറി. പോണ്ടിച്ചേരിയിലും കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ആന്ധ്രയിൽ തിരുപ്പതിയിലടക്കം കനത്ത മഴയാണ്. തിരുപ്പതിയിലേക്കുള്ള വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടു. ആന്ധ്രയുടെ കിഴക്കൻ മേഖലകളിലാണ് മഴ ശക്തം.