Headlines

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം: പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള രേഖയായി ആധാര്‍ അംഗീകരിക്കേണ്ടി വരുമെന്ന് തിര.കമ്മീഷനോട് സുപ്രിംകോടതി

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള രേഖയായി ആധാര്‍ പരിഗണിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അംഗീകൃത 11 രേഖകളിലൊന്ന് ഹാജരാക്കണമെന്നായിരുന്നു മുന്‍പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ 11 രേഖകളില്‍ ഏതെങ്കിലോ ഒന്നോ ആധാര്‍ കാര്‍ഡോ സമര്‍പ്പിച്ച് വോട്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കാമെന്നാണ് ഇപ്പോള്‍ സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ എല്ലാ പ്രക്രിയകളും ലളിതവും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തതും ആയിരിക്കണമെന്നും സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു

ആധാറുള്‍പ്പെടെയുള്ള അംഗീകൃത രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചുകൊണ്ടും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേര്‍ക്ക് പട്ടികയില്‍ വീണ്ടും ഇടംപിടിക്കാനാകുമെന്നും കോടതി പറഞ്ഞു. ഓഗസ്റ്റ് 14 ലെ സുപ്രിംകോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നടന്ന വോട്ടര്‍ പട്ടിക റിവിഷനുശേഷം വോട്ടര്‍ പട്ടികയില്‍ നിന്ന് 65 ലക്ഷം പേര്‍ ഒഴിവാക്കപ്പെട്ടുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നത്. ഇവരുടെ പേരുകള്‍ ഓഗസ്റ്റ് 18ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു.

ജസ്റ്റിസ് സൂര്യകാന്തിന്റേയും ജോയ്മല്യ ബാഗ്ചിയുടേയും ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണങ്ങള്‍. ബിഹാറിലെ അംഗീകൃത 12 രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തോട് സഹകരിക്കണമെന്നും ഇതിനായി അവരുടെ ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണമെന്നും കോടതി പറഞ്ഞു. പാര്‍ട്ടികള്‍ക്ക് 1.6 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാരുണ്ടായിരുന്നില്ലേ എന്നും കോടതി ചോദിച്ചു.