Headlines

പിന്തുണ വേണം; നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം

തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. തുടർപ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. വിഷയത്തെ സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കാന്തപുരം കത്ത് നൽകിയിട്ടുണ്ട്.

യെമനിലെ മധ്യസ്ഥ ചർച്ചകൾക്ക് കേന്ദ്ര സർക്കാർ പ്രതിനിധികൾ കൂടി പങ്കെടുക്കണം. യോജിച്ച നീക്കം ഉണ്ടെങ്കിൽ മാത്രമേ മോചന ശ്രമങ്ങൾ വിജയിക്കൂ. അനുബന്ധ നിയമ നടപടിക്രമങ്ങൾക്ക് ഡിപ്ലോമാറ്റിക്‌ ചാനലുകൾ ഉപയോഗപ്പെടുത്തണമെന്നാണ് കത്തിൽ പറയുന്നത്. യെമനിൽ മധ്യസ്ഥ ചർച്ചകൾ തുടരുമെന്ന് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

നിമിഷപ്രിയയുടെ മോചനത്തിനായുളള ശ്രമങ്ങൾ അവരുടെ കുടുംബം മാത്രമായി ഏറ്റെടുക്കണമെന്നാണ് നിലപാടെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ബാഹ്യ സംഘടനകളുടെ ഇടപെടൽ വിഷയത്തിൽ ഫലം നൽകാനിടയില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇരയുടെ ബന്ധുക്കളുമായി നിമിഷ പ്രിയയുടെ കുടുംബം മാത്രമേ ചർച്ചകൾ നടത്താവൂ. നല്ല ഉദ്ദേശത്തോടെ ആണെങ്കിൽ കൂടി പുറത്തുനിന്നുള്ള ആരും അതിൽ ഉൾപ്പെടാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വിഷയത്തിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.