ദില്ലി: തനിക്കെതിരെ കോൺഗ്രസിൽ പരസ്യ വിമർശനമുന്നയിക്കുന്നവരുടെ പദവിയെന്തെന്ന് ശശി തരൂർ .വല്ലതും പറയുന്നതിന് താൻ എന്ത് ചെയ്യാനെന്നും അദ്ദേഹം ചോദിച്ചു. രാജ്മോഹൻ ഉണ്ണിത്താനും, കെ. മുരളീധരനും പരസ്യ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് തരൂരിന്‍റെ പ്രതികരണം.
തരൂരിനോടുള്ള നേതാക്കളുടെ അമര്‍ഷം ശക്തമാണ്. കോൺഗ്രസ് പാർട്ടിയെ കൊണ്ട് നേടാവുന്നതെല്ലാം നേടിയ ശേഷം പാർട്ടിക്ക് പുറത്തു നിന്ന് ഇനി എന്തെല്ലാം നേടാമെന്നാണ് തരൂർ ചിന്തിക്കുന്നതെന്നായിരുന്നു ഉണ്ണിത്താന്‍റെ വിമര്‍ശനം.. പാർട്ടിക്ക് ദോഷകരമായ കാര്യങ്ങളാണ് തരൂർ ചെയ്യുന്നതെന്നും കോൺഗ്രസിന്‍റെ ദോഷൈകദൃക്കുകൾ അല്ലാതെ മറ്റാരും ശശി തരൂരിനെ പിന്തുണയ്ക്കില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആഞ്ഞടിച്ചു. പാർട്ടി പുറത്താക്കണമെന്നാണ് തരൂർ ആഗ്രഹിക്കുന്നതെന്നും ഉണ്ണിത്താൻ ആരോപിച്ചു.
സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ പരിപാടികളില്‍ നിന്ന് തരൂരിനെ അകറ്റി നിര്‍ത്താന്‍ ശ്രമമുണ്ട്. തരൂരിനോട് സഹകരിക്കേണ്ടെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. എന്നാല്‍ തരൂരിനെ ഒപ്പം ചേര്‍ത്ത് പോകണമെന്നാണ് ചില യുവ എംപിമാരുടെ നിലപാട്. എന്തായാലും ഹൈക്കമാന്‍ഡ് മനസ് തുറന്നിട്ടില്ല. തരൂരിന്‍റെ വേലി ചാട്ടത്തെ അവഗണിക്കുകയെന്നത് തന്നെയാണ് തുടര്‍ന്നും സ്വീകരിക്കുന്ന നിലപാട്.