പത്തനംതിട്ടയില്‍ ‘പൊടിയന്‍ കൊച്ചാട്ടന്റെ ചായക്കട’ എന്ന പേരിലുള്ള കടയില്‍ മോഷണം. ഇന്നലെ രാവിലെയാണ് മോഷണം നടന്നത്. 10000 രൂപയുടെ ഇന്‍വെര്‍ട്ടര്‍ ബാറ്ററി അടക്കം മോഷണം പോയി. ആകെ 50000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയെന്ന് കടയുടമ സുജാത പറഞ്ഞു.
രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. കടയെക്കുറിച്ച് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്നാണ് കട നടത്തുന്നവര്‍ പറയുന്നത്. സംഭവത്തില്‍ അടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി താരം രാജേഷ് കൊട്ടാരത്തിലിന്റെ കടയിലാണ് മോഷണം നടന്നത്. ഫ്‌ളവേഴ്‌സ് ടിവിയിലെ ഇത് ഐറ്റം വേറെ എന്ന പരിപാടിയിലെ സ്‌കിറ്റുകളിലൂടെ ഏറെ ജനപ്രിയമായ പൊടിയന്‍ കൊച്ചാട്ടന്‍ എന്ന കഥാപാത്രത്തിന്റെ പേര് തന്നെയാണ് ചായക്കടയ്ക്കും നല്‍കിയിരിക്കുന്നത്.
പണവും ഇന്‍വേര്‍ട്ടറും ബാറ്ററിയും പാത്രങ്ങളും സ്റ്റൗവും ഉള്‍പ്പെടെ സകലതും മോഷ്ടാക്കള്‍ കൊണ്ടുപോയെന്നാണ് കടയുടമയുടെ പരാതി. അടൂരിന് സമീപമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായ ഈ ചായക്കട.






