കൊടി സുനിയില്‍ നിന്ന് ഉള്‍പ്പെടെ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തല്‍:ഡിഐജി വിനോദ് കുമാറിന്റെ സസ്‌പെന്‍ഷന്‍ വൈകുന്നു

തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി എന്ന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ സസ്‌പെന്‍ഷന്‍ വൈകുന്നു. എം.കെ. വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശിപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇന്നലെയാണ് ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍ എത്തിയത്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി,അണ്ണന്‍ സിജിത്ത് എന്നിവരുടെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നും ജയില്‍ ആസ്ഥാനത്തെ ഡിഐജിയെ സ്ഥാനത്തു തുടരുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ രണ്ടു ദിവസം മുന്‍പ് വിജിലന്‍സ് അഡീഷണല്‍ ചീപ്പ് സെക്രട്ടറിക്കു കൈമാറിയിരുന്നു. ആഭ്യന്തര സെക്രട്ടറി പരിശോധിച്ച ഫയല്‍ ശിപാര്‍ശ സഹിതം ചീഫ് സെക്രട്ടറിക്കു കൈമാറി. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിക്കായി കൈമാറിയത്.

പരോള്‍ അനുവദിക്കാനായി 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനോദ് കുമാറിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ചെയ്തത്. ജയിലിനുള്ളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നതായും തടവുപുള്ളികളുടെ പരോളിനായി കൈക്കൂലി വാങ്ങുന്നതായും വിനോദ് കുമാറിനെതിരേപരാതി ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ഇന്റലിജന്‍സാണ് വിജിലന്‍സിന് വിവരങ്ങള്‍ കൈമാറിയത്. ഗൂഗിള്‍ പേ വഴിയും അല്ലാതെയും ആയിരുന്നു പണമിടപാട്. വിയൂര്‍ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജന്റ്. പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥന്‍ വഴിയാണ്. സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരില്‍ നിന്നും ഡിഐജി പണം വാങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഡിഐജി വിനോദിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നേതൃത്വം നല്‍കുന്ന തിരുവനന്തപുരം സ്‌പെഷ്യല്‍ യൂണിറ്റാണ് വിനോദ് കുമാറിനെതിരെ അന്വേഷണം നടത്തുന്നത്.