Headlines

ആ കൊലപാതകത്തിന് പലമടങ്ങ് വില നൽകേണ്ടിവരും’; ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

 

വാഷിങ്ടൻ/ടെഹ്റാൻ ∙ ഇനിയും അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടാൽ ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എപ്പോഴൊക്കെ ഇറാൻ അമേരിക്കൻ സൈനികരെ വധിക്കുന്നുവോ അപ്പോഴെല്ലാം ആ കൊലപാതകത്തിന് പലമടങ്ങ് വില നൽകേണ്ടി വരുമെന്ന്” ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകി. ഈ നിർദേശം സൈന്യത്തിനും മറ്റു ഉദ്യോഗസ്ഥർക്കും കൈമാറിയെന്നും ട്രംപ് സമൂഹമാധ്യമത്തിൽ വിശദീകരിച്ചു.തിങ്കളാഴ്ച പുലർച്ചെ വെടിവച്ചിട്ട ഇറാൻ ഡ്രോൺ നിർവീര്യമാക്കുന്നതിനിടെ ഇറാഖിൽ യുഎസ് സൈനികന് ജീവൻ നഷ്ടമായിരുന്നു. ജോർദാനിലും വെള്ളിയാഴ്ച ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടു. ഇതോടെ യുദ്ധം ആരംഭിച്ചതിനുശേഷം 17 യുഎസ് സൈനികർ കൊല്ലപ്പെട്ടു.അതേസമയം ഖൊമെയ്‌ൻ നഗരത്തിലെ വ്യാവസായിക യൂണിറ്റ് ആക്രമിക്കപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകിട്ട് ഏഴുമണിയോടെയാണ് ആക്രമണമുണ്ടായതെന്നും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ശക്തമായി തുടരുന്നെന്നും ഒരു കപ്പൽ പ്രവർത്തനരഹിതമാക്കിയതായും യുഎസ് സൈന്യം വെളിപ്പെടുത്തി.