കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റും കൊയിലാണ്ടി എംഎൽഎയുമായ പ്രവീൺകുമാർ. കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിലുള്ള CPIM ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയിൽ സിപിഐഎമ്മിന്റെ മുഖം നഷ്ടപ്പെട്ടു. പിണറായി അല്ല മുഖ്യമന്ത്രി വി.ഡി. സതീശനാണ്. ഷാഫി പറമ്പിലും, പാറയ്ക്കൽ അബ്ദുള്ളയും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാക്കൾ. സിപിഐഎം ജില്ലാ സെക്രട്ടറി അകത്ത് പോകാതെ ശ്രദ്ധിക്കുക. കാഫിർ സ്ക്രീൻ ഷോട് കേസിൽ ജിതിൻ ഭാസ്കറിൽ മാത്രമല്ല അതിന് മുകളിലും ആളുകൾ ഉണ്ട്.
യാഥാർത്ഥ കുറ്റവാളികൾ ഇനിയും ഉണ്ട്. SIT യിൽ വിശ്വാസം ഉണ്ട്.മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്ത് വന്നത്. സിപിഐഎം ഭരണം മാറി എന്ന് മനസിലാക്കണം. പ്രകോപന പ്രസംഗത്തിലൂടെ കാണുന്നത് സിപിഎമ്മിന്റെ വെപ്രാളമാണെന്നും കാഫിർ കേസിൽ സിപിഐഎമ്മിന് മുഖം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ഷാഫിയും പാറക്കലും പുറത്ത് ഇറങ്ങില്ലെന്ന് പറയുന്നവർ സ്വന്തം കാരണങ്ങളാൽ അകത്തു പോകാതെ നോക്കണമെന്നും കാഫിർ കേസ് അന്വേഷണം പൊലീസ് ആണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റം ജിതിൻ ഭാസ്കറിൽ ഒതുങ്ങില്ല. പ്രദേശത്തെ സിപിഐഎം നേതാക്കളും കുടുങ്ങും. കെ.കെ. ലതികയുടെയും മകന്റെയും പേര് ഞങ്ങൾ പറഞ്ഞിട്ടില്ല. സിപിഐഎം നേതാവ് തന്നെയാണ് ഇത് പറയുന്നതെന്നും രക്ഷിക്കാൻ ആണോ ശിക്ഷിക്കാൻ ആണോ എന്ന് അവർ പരിശോധിക്കട്ടെയെന്നും പ്രവീൺകുമാർ പറഞ്ഞു. കെപിസിസി അധ്യക്ഷസ്ഥാനത്തെ പറ്റി ഡിസിസി ഓഫിസിന് മുന്നിലെ ബോർഡ് വെച്ചത് കോൺഗ്രസ്‌കാർ അല്ലെന്നും കോൺഗ്രസുകാർക്ക് ബോർഡ് വെക്കേണ്ട ആവശ്യം ഇല്ലെന്നും നേരിട്ട് അഭിപ്രായം പറയാമെന്നും ഒരു പദവി എന്നത് പാർട്ടി നയമാണെന്നും പ്രവീൺകുമാർ പറഞ്ഞു.









