Headlines

പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി; 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്

 

പാലക്കാട് തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി. പതിമൂന്ന് ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. രണ്ട് താത്കാലിക ജീവനക്കാരെ സസ്പെന്റ് ചെയ്തു. കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് വരുന്ന പഞ്ചായത്തിന്റെ ബാങ്ക് അക്കൗണ്ട് ഉദ്യോഗസ്ഥൻ പരിശോധിച്ചപ്പോഴാണ് 13 ലക്ഷത്തോളം രൂപ പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

തുടർന്ന് പഞ്ചായത്ത്‌ ജോയിന്റ് ഡയരക്ടർ നടത്തിയ പരിശോധനയിലാണ് 2025-26 സാമ്പത്തിക വർഷത്തിൽ 17 തവണകളിലായി നടന്ന ക്രമക്കേട് കണ്ടെത്തിയത്. ഇ ഗ്രാമസ്വരാജ് വഴി ഡിജിറ്റൽ ഒപ്പ് ദുരുപയോഗിച്ചാണ് രണ്ടു താൽക്കാലിക ജീവനക്കാർ ക്രമക്കേട് നടത്തിയിരിക്കുന്നത്. 12,90,550 രൂപ രണ്ട് സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റി.തുക ജീവനക്കാരിയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് പോയതായും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് താൽക്കാലിക ജീവനക്കാരെ സസ്പെൻ്റ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്ത കല്ലടിക്കോട് പോലീസ് ഒരു ജീവനക്കാരിയെയും ഭർത്താവിനെയും ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ യുഡിഎഫ് ഭരണസമതിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.